തലശ്ശേരി ഇരട്ടക്കൊല: കുത്താൻ ഉപയോഗിച്ച കത്തി പിണറായിയിൽ കണ്ടെത്തി; പ്രതിയുമായി തെളിവെടുപ്പ് നടത്തി

തലശ്ശേരി: ലഹരിവിൽപന ചോദ്യം തലശ്ശേരി: ലഹരിവിൽപന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി നെട്ടൂരിലെ വെള്ളാടത്ത് ഹൗസിൽ സുരേഷ് ബാബു എന്ന പാറായി ബാബുവുമായി (47) അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തി.

കൃത്യംനടന്ന കൊടുവള്ളി സഹകരണ ആശുപത്രി പരിസരത്തെ റോഡിലും പ്രതികൾ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച പിണറായി കമ്പൗണ്ടർ ഷോപ്പിലുമാണ് തെളിവെടുപ്പിനെത്തിച്ചത്. പാറായി ബാബു കുത്താൻ ഉപയോഗിച്ച കത്തി കമ്പൗണ്ടർഷോപ്പിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നും ചോര പുരണ്ട വസ്ത്രം ബാബുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നും പൊലീസ് കണ്ടെത്തി.

ഓട്ടോറിക്ഷയിലായിരുന്നു അഞ്ചംഗ സംഘം കൊടുവള്ളിയിലെത്തിയത്. ആക്രമിച്ചശേഷം രക്ഷപ്പെട്ട പ്രതികൾ ഓട്ടോറിക്ഷ കമ്പൗണ്ടർ ഷോപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവശേഷം മുഖ്യപ്രതിയായ പാറായി ബാബു സുഹൃത്തുക്കൾക്കൊപ്പം കർണാടകയിലേക്ക് കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി തിരിച്ചു വരുന്നതിനിടെ ഇരിട്ടിയിൽ വെച്ചാണ് ഇയാളും മറ്റ് മൂന്നുപേരും പിടിയിലായത്.

കേസിൽ ബാബു ഉൾപ്പടെ ഏഴ് പ്രതികളാണ് പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരാണ്. ബാബുവിന് രക്ഷപ്പെടാൻ സഹായം നൽകിയതിനാണ് മറ്റ് രണ്ട് പേർ അറസ്റ്റിലായത്. ബാബുവിനെ കൂടാതെ നെട്ടൂർ ഇല്ലിക്കുന്നിലെ മുട്ടങ്ങൽ ഹൗസിൽ ജാക്സൺ വിൻസെന്റ് (28), നെട്ടൂർ വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), വടക്കുമ്പാട് പാറക്കെട്ടിലെ തേരെക്കാട്ടിൽ ഹൗസിൽ അരുൺ കുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38), പിണറായി പടന്നക്കരയിലെ വാഴയിൽ വീട്ടിൽ സുജിത്ത് കുമാർ (45), വടക്കുമ്പാട് പാറക്കെട്ടിലെ സഹറാസിൽ മുഹമ്മദ് ഫർഹാൻ (29) എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രതികൾ.

സി.പി.എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവ് പൂവനാഴി ഷമീർ (45) എന്നിവരാണ് ബുധനാഴ്ച വൈകീട്ട് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്ത് കൊല്ലപ്പെട്ടത്. തലശ്ശേരി സി.ഐ എം. അനിലിനാണ് അന്വേഷണ ചുമതല.


Tags:    
News Summary - Thalassery double murder: Knife found in Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.