മമ്പറം ദിവാകരൻ, കെ. സുധാകരൻ

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്​; മമ്പറം ദിവാകരന്‍റെ പാനലിലെ മുഴുവൻ പേരും തോറ്റു

കണ്ണൂർ: തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്. മമ്പറം ദിവാകര​െൻറ പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു. 29 വ‌ർഷത്തെ ഭരണത്തിനുശേഷം മമ്പറം ദിവാകരൻ ആശുപത്രിയുടെ തലപ്പത്തുനിന്ന് പടിയിറങ്ങുമ്പോൾ കെ. സുധാകര​െൻറ രാഷ്​ട്രീയ വിജയംകൂടിയായാണ്​ തെരഞ്ഞെടുപ്പ്​ ഫലം വിലയിരുത്തുക.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെ.പി.സി.സി പ്രഖ്യാപനത്തി​െൻറ പരീക്ഷണശാലയായിരുന്നു ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വർഷങ്ങളായി പ്രസിഡൻറ്​ സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.

സംഘത്തിൽ ഡയറക്ടർമാരായി 12 പേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ. സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകര​െൻറ പരാതിയെതുടർന്ന് ഹൈകോടതി ഉത്തരവി​െൻറ പശ്ചാത്തലത്തിൽ​ കർശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. മമ്പറം ഇന്ദിര ഗാന്ധി പബ്ലിക് സ്കൂളിലായിരുന്നു വോട്ടിങ്​​. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയായിരുന്നു വോട്ടിങ്​ നിശ്ചയിച്ചിരുന്നതെങ്കിലും ആറര വരെ നടപടികൾ തുടർന്നു. 5284 പേർക്കാണ്​ സഹകരണ സംഘത്തിൽ വോട്ടവകാശമുള്ളത്​. കഴിഞ്ഞദിവസം വോ​ട്ടെടുപ്പിനായി ആകെ 4318 പേരാണ്​ തിരിച്ചറിയൽ കാർഡ്​ സ്വീകരിച്ചത്​. ഇതിൽ ഏതാണ്ട്​ 1700 പേരാണ്​ ഞായറാഴ്​ച വോട്ട്​ രേ​ഖപ്പെടുത്തിയത്​. പോൾ ചെയ്​തതിൽ 80 ശതമാനത്തോളം വോട്ടും നേടിയാണ്​ കോൺഗ്രസ്​ പാനൽ വിജയിച്ചത്​.

ആശുപത്രി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശത്തിന് വഴങ്ങാത്തതിനാണ് മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്നു പുറത്താക്കിയത്​. ഇതേ തുടർന്ന്​​ ഇദ്ദേഹത്തി​െൻറ നേതൃത്വത്തിലുള്ള പാനലും കോൺഗ്രസ്​ ഔദ്യോഗികപാനലും തമ്മിൽ നേരിട്ടായി മത്സരം​. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചതു മുതൽ ആശുപത്രി പ്രസിഡൻറുകൂടിയായ ദിവാകരനുമായി പലതവണ പാർട്ടി സമവായ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് നൽകുന്ന പട്ടികയിലുള്ളവരെക്കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ ലിസ്​റ്റ്​ തള്ളി സ്വന്തം പാനലിൽനിന്നുള്ളവരെ മത്സരിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ആരും പ്രസ്ഥാനത്തിന് മുകളിലല്ല -കെ. സുധാകരൻ

കണ്ണൂർ: ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ലെന്നും കോൺഗ്രസ് വികാരം നഷ്​ടപ്പെട്ടാൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് ഉണ്ടാവണമെന്നും കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി. തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വിജയം നേടിയശേഷം ഫേസ്​​ബുക്ക്​ പോസ്​റ്റിലാണ്​ അദ്ദേഹത്തി​െൻറ പ്രതികരണം.

ആ​രും ഒഴിച്ചുകൂടാൻ പറ്റാത്തവരല്ല. കോൺഗ്രസ് എന്നവികാരം നഷ്​ടപ്പെട്ടാൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിര പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.

പ്രവർത്തകരുടെ വിയർപ്പുതുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെയും പ്രവർത്തകരെയും മറന്ന്​ എല്ലാം ഞാനാണെന്ന തോന്നലുള്ള ചിലരെങ്കിലും ഇവിടെയുണ്ടെന്നും മമ്പറം ദിവാകര​ന്​ നേരെ അദ്ദേഹം ഒളിയ​​െമ്പറിഞ്ഞു. ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണ്​ ഈ വിജയമെന്നും ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല പകരം ഒരുമനസ്സോടെ ഒരേ വികാരമായി മാറിയ പാർട്ടിയാണെന്നും ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നുണ്ടെന്നും സുധാകരൻ പോസ്​റ്റിൽ പറയുന്നു.

പഴുതടച്ച സുരക്ഷ​; വീറും വാശിയോടെ ഇരുവിഭാഗം

തലശ്ശേരി: പൊതു തെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും മുറ്റിനിന്ന അന്തരീക്ഷത്തിലായിരുന്നു തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിന് ഞായറാഴ്ച മമ്പറം ഇന്ദിര ഗാന്ധി പബ്ലിക് സ്കൂൾ വേദിയായത്. രാവിലെ 10നാണ് പോളിങ് ആരംഭിച്ചത്. രാവിലെ മുതൽ സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ നീണ്ട ക്യൂ രൂപപ്പെട്ടെങ്കിലും രണ്ടരവരെ പോളിങ് വളരെ മന്ദഗതിയിലായിരുന്നു. കനത്ത പൊലീസ്​ സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്​. ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ ഔദ്യോഗിക പാനലും മമ്പറം ദിവാകര‍​െൻറ പാനലും തമ്മിൽ നേരിട്ടാണ്​ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്​. രാവിലെ മുതലേ ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നേതാക്കൾ പോളിങ്​ സ്​റ്റേഷന്​ മുന്നിൽ തടിച്ചുകൂടിയിരുന്നു.

​സ്​ഥലത്ത്​ ഇടക്കിടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. പൊലീസ് ജാഗരൂകരായതിനാൽ അനിഷ്​ടസംഭവങ്ങൾ ഒഴിവാക്കാനായി. റോഡരികിൽ സ്ഥാപിച്ച മമ്പറം ദിവാകര​െൻറ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് കാണാതായ സംഭവത്തെ തുടർന്ന് രാവിലെ തർക്കവും വാക്കേറ്റവുമുണ്ടായി. ഇത് സംഘർഷത്തിന് വഴിയൊരുക്കി. തുടർന്ന്​ പൊലീസ് ഇടപെട്ടതോടെയാണ് തർക്കം അവസാനിച്ചത്.

ഇതിനിടെ പൊലീസ് കരുതലിൽ ഉച്ച 12.10നാണ് സ്ഥാനാർഥി മമ്പറം ദിവാകരൻ പോളിങ് സ്​റ്റേഷനിൽ കാറിൽ വോട്ട് ചെയ്യാനെത്തിയത്. ദിവാകരൻ കാറിൽ നിന്നിറങ്ങിയ ഉടനെ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന ആരോ കൂക്കിവിളിച്ചു. ഇത് കേട്ടതോടെ ആരെടാ ഇവിടെ വന്ന് തനിക്കുനേരെ കൂക്കിവിളിച്ചതെന്ന് ചോദിച്ച് ദിവാകരൻ വോട്ടർമാരുടെ ക്യൂവിനടുത്തേക്ക് നീങ്ങി. ഇതോടെ സ്ഥലത്ത് ഉന്തും തള്ളുമായി. സംഭവം കണ്ട് ഓടിയെത്തിയ പൊലീസുകാരാണ് കൈയേറ്റ ശ്രമത്തിൽനിന്ന് ദിവാകരനെ രക്ഷിച്ചത്. ഇതിനിടെ ആരും തന്നെ ദിവാകരനോട് കയർക്കരുതെന്ന് സുധാകര വിഭാഗമാളുകൾ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. പൊലീസുകാരുടെ വലയത്തിലാണ് പിന്നീട് ദിവാകരൻ സ്കൂളിലേക്ക് കയറിയത്. വോട്ട് എണ്ണുന്ന സമയത്തും സംഘർഷം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ പൊലീസ്​ സ്വീകരിച്ചിരുന്നു.

കൈയാങ്കളിയും ബഹളവും; യുവാവ് അറസ്​റ്റിൽ

പോളിങ് സ്​റ്റേഷനിൽ സുധാകര വിഭാഗക്കാർക്കെതിരെ വെല്ലുവിളി ഉയർത്തി കൈയാങ്കളിയും ബഹളവും നടത്തിയ യുവാവിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. കടവത്തൂർ സ്വദേശിയും തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഇ.കെ. പവിത്രനെയാണ് പൊലീസ് കരുതൽ കസ്​റ്റഡിയിലെടുത്തത്. പോളിങ് സ്​റ്റേഷനകത്ത് ബഹളംവെച്ച് പ്രകോപനമുണ്ടാക്കിയ ഇയാളെ പൊലീസ് ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്തെത്തിക്കുകയായിരുന്നു. പിന്നീട് പൊലീസ് വാഹനത്തിൽ കയറ്റി പിണറായി പൊലീസ് സ്​റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പാർട്ടിയിൽനിന്ന് പുറത്താക്കി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തിനകത്ത് ബഹളംവെച്ച തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. പവിത്രനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ്​ അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും പാർട്ടി നേതാക്കളെ അവഹേളിക്കുകയും ചെയ്ത സഭവത്തിലാണ്​ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന്​ ഡി.സി.സി അധ്യക്ഷൻ അറിയിച്ചു.

ജാഗരൂകരായി പൊലീസ്​

ഹൈകോടതിയുടെ നിർദേശപ്രകാരം കനത്ത പൊലീസ്​ സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്​. തെരഞ്ഞെടുപ്പിന്​ സുരക്ഷ ആവശ്യപ്പെട്ട്​ മമ്പറം ദിവാകാരൻ സമർപ്പിച്ച ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ കമീഷണർ ആർ. ഇള​ങ്കോ, തലശ്ശേരി എ.എസ്​.പി വിഷ്​ണു പ്രദീപ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷയൊരുക്കിയത്​. തലശ്ശേരി, കൂത്തുപറമ്പ്​, ധർമടം, പിണറായി തുടങ്ങിയ സ്​റ്റേഷനുകളിൽനിന്നായി 200 പൊലീസുകാരും സുരക്ഷാചുമതലയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാർഡ്​, ആധാർ കാർഡ്​ എന്നിവ കൈവശമുള്ളവരെ മാത്രം പരിശോധിച്ചാണ്​ വോ​ട്ടെടുപ്പ്​ കേന്ദ്രത്തിലേക്ക്​ പൊലീസ്​ കടത്തിവിട്ടത്​. കൂടാതെ വോ​ട്ടെടുപ്പി​െൻറ ദൃശ്യങ്ങൾ മുഴുവൻ വിഡിയോ ചിത്രീകരണം നടത്തിയിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും പൊലീസി​െൻറ സമയോചിതമായ ഇടപെടൽ മൂലമാണ്​ നിയന്ത്രണ വിധേയമായത്​.

ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ചവർ

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കണ്ടോത്ത് ഗോപി, കെ.പി. സാജു, അഡ്വ.കെ. ഷുഹൈബ്, എരഞ്ഞോളി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ സുശീൽ ചന്ദ്രോത്ത്, കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡൻറ്​ സി.ജി. അരുൺ, ധർമടം ബ്ലോക്ക് സെക്രട്ടറി സി.കെ. ദിലീപൻ മാസ്​റ്റർ, യൂത്ത് കോൺഗ്രസ് വേങ്ങാട് മണ്ഡലം പ്രസിഡൻറ്​ മിഥുൻ മാറോളി, മുൻ തലശ്ശേരി നഗരസഭാംഗം എ.വി. ശൈലജ, ചക്കരക്കൽ ബ്ലോക്ക് സെക്രട്ടറി മനോജ് അണിയാറത്ത്, ഡി.സി.സി അംഗം ടി.പി. വസന്ത, മീറ സുരേന്ദ്രൻ, എൻ. മുഹമ്മദ്.

Tags:    
News Summary - Thalassery Indira Gandhi Co-operative Hospital to be ruled by Congress; The entire panel of Mambaram Divakaran was defeated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.