കണ്ണൂർ: മലയാളിയുടെ മഹാമനസ്സിനുമുന്നിൽ 18 കോടിയെന്ന മഹാസംഖ്യ തോറ്റു തലകുനിച്ചു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അത്യപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിെൻറ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നെത്തിക്കാൻ ആവശ്യമായ 18 കോടി രൂപ അക്കൗണ്ടിലെത്തി. ആറ് ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക ലഭിച്ചത്.
മാട്ടൂൽ സ്വദേശി റഫീഖിെൻറയും മറിയുമ്മയുടെയും മൂത്തമകൾ അഫ്രയെ ചക്രക്കസേരയിലാക്കിയ ജനിതക വൈകല്യ രോഗം സഹോദരൻ മുഹമ്മദിനെയും ബാധിച്ചപ്പോഴാണ് കുടുംബം കാരുണ്യമതികളുടെ സഹായം തേടിയത്. അഭ്യർഥന സമൂഹമാധ്യമങ്ങളിലടക്കം വന്നതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സഹായം ഒഴുകിയെത്തി. ഇടപാടുകളുടെ തിരക്കുകാരണം പലപ്പോഴും അക്കൗണ്ട് പണിമുടക്കി. ഒടുവിൽ, ആവശ്യമായ തുക അക്കൗണ്ടിലെത്തിയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അക്കൗണ്ട് തിങ്കളാഴ്ച ക്ലോസ് ചെയ്തു.
നന്മമനസ്സുകളുമായി കൂടെനിന്ന എല്ലാവർക്കും ഹൃദയത്തിെൻറ ഭാഷയിൽ മുഹമ്മദിെൻറ മാതാപിതാക്കളും സഹോദരി അഫ്രയും നന്ദി പറയുന്നത് കണ്ണുനിറക്കാതെ കണ്ടുനിൽക്കാനാവില്ല. പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവരോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലായ മുഹമ്മദിന് ഉടൻ ചികിത്സ ലഭ്യമാക്കും.
ഇതുസംബന്ധിച്ച് അടുത്തദിവസം മെഡിക്കൽ ബോർഡ് യോഗം ചേരും.ദീർഘകാല ചികിത്സക്കുശേഷം നാലാമത്തെ വയസ്സിൽ ഏറെ വൈകിയാണ് മൂത്ത കുട്ടി അഫ്രക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. ഈ ഞെട്ടൽ മാറും മുെമ്പയാണ് മുഹമ്മദിനെയും ഇതേ രോഗം പിടികൂടിയത്. രണ്ട് വയസ്സിനുള്ളിൽ വിലപിടിപ്പുള്ള മരുന്നു നൽകുക മാത്രമാണ് ഏക പോംവഴിയെന്നറിഞ്ഞ കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. ഇതോടെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് മാട്ടൂൽ ഗ്രാമവാസികൾ മുന്നിട്ടിറങ്ങി.
ജൂൺ 30 നാണ് ആദ്യ സഹായഭ്യർഥന നടത്തിയത്. തെന്നപ്പോലെ കുഞ്ഞനുജനും ഈ ദുരവസ്ഥ വരരുതെന്ന പ്രാർഥനയോടെ അഫ്ര നടത്തിയ അഭ്യർഥന എല്ലാവരും ഏറ്റെടുത്തു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് കുട്ടിയുടെ ചികിത്സ. നവംബർ എട്ടിനു മുഹമ്മദിനു രണ്ടു വയസ്സു തികയും. അതിന് മുമ്പേ അവന് മരുന്ന് നൽകണം. ചികിത്സ സഹായ കമ്മിറ്റി പ്രവർത്തനമാരംഭിച്ചപ്പോൾ ആശങ്കയായിരുന്നെന്നും വൈകാതെതന്നെ കുടുംബത്തിെൻറ അഭ്യർഥന ലോകം ഏറ്റെടുത്തതായും കമ്മിറ്റി രക്ഷാധികാരി എം. വിജിൻ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.