എല്ലാവർക്കും നന്ദിയും പ്രാർഥനയും, അവനെ കണ്ടാലേ സന്തോഷം പൂർണമാകൂ -റഹീമിന്റെ ഉമ്മ

കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി പണം സമാഹരിച്ച മുഴുവനാളുകൾക്കും നന്ദി പറഞ്ഞ് അബ്ദുറഹീമിന്റെ ഉമ്മ ഫാത്തിമ. അവനെ കണ്ടാലേ സന്തോഷം പൂർണമാകൂവെന്നും മക​നെ പെട്ടെന്ന് നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവർ കണ്ണീർപൊഴിച്ചുകൊണ്ട് പറഞ്ഞു. 18 വർഷമായിട്ട് പെരുന്നാൾ ആഘോഷിച്ചിട്ടി​ല്ലെന്നും എന്റെ കുട്ടി വന്നാൽ ഇനി ആഘോഷിക്കാമല്ലോ എന്നും പറഞ്ഞ അവർ, എല്ലാവരിലും ദൈവകൃപ വർഷിക്കുമാറാകട്ടെയെന്നും പ്രാർഥിച്ചു.

‘‘എല്ലാവരോടും നന്ദിയുണ്ട്. എന്റെ കുട്ടി അവിടെനിന്ന് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ. അവനെ കാട്ടിത്തരുന്നതിനു നിങ്ങളൊക്കെ സഹകരിച്ചു, സഹായിച്ചു. ഇത്രയും പെട്ടെന്ന് ഈ തുക കണ്ടെത്താനാകുമെന്നു പ്രതീക്ഷിച്ചില്ല. 18 വർഷമായിട്ട് പെരുന്നാൾ ആഘോഷിച്ചില്ലായിരുന്നു. എന്റെ കുട്ടി വന്നാൽ ഇനി ആഘോഷിക്കാമല്ലോ. മകനെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്, അവനെ കണ്ടാലേ സന്തോഷം പൂർണമാകൂ’’- ഫാത്തിമ പറഞ്ഞു.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം 2006 നവംബർ 28ന് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയി ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌രിയുടെ ശാരീരിക വൈകല്യമുള്ള മകന്‍ അനസ് അല്‍ ശഹ്‌രിയുടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ കൈതട്ടി അനസിന് ബോധം നഷ്ടമാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും അഭിഭാഷകരെ നിയോഗിച്ച് കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. പിന്നീട് വലിയ സമ്മർദങ്ങൾക്കൊടുവിലാണ് ഏപ്രിൽ 16നകം പതിനഞ്ച് മില്യൺ റിയാൽ (34 കോടി രൂപ) ദിയ തന്നാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം അറിയിച്ചത്. ഇന്ത്യൻ എംബസി മുഖേനെ ഈ വിവരം റഹീമിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

തുടർന്ന് മൂന്നാഴ്ച കൊണ്ട് 34.45 കോടി രൂപയാണ് സമാഹരിച്ചത്. നാട്ടുകാർ ഒത്തുചേർന്ന് അബ്ദുറഹീം നിയമസഹായ ട്രസ്റ്റ് രൂപവത്കരിച്ചാണ് പ്രവർത്തനം ത്വരിതപ്പെടുത്തിയത്. ഭാരവാഹികൾ ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് തുക സമാഹരിക്കാൻ നിയമകാര്യങ്ങളിൽ വ്യക്തത വരുത്തി. ആദായ നികുതി വകുപ്പ്, റിസർവ് ബാങ്ക്, ഫെമ എന്നിവയിൽ നിന്ന് അനുമതി വാങ്ങി. കോഴിക്കോട്ടെ പി.എം. അ​സോസിയേറ്റ്സാണ് ഇക്കാര്യങ്ങൾക്ക് ട്രസ്റ്റിനെ സഹായിച്ചത്.

തുടർന്ന് മഞ്ചേരിയിലെ സ്പൈൻകോഡിന്റെ നേതൃത്വത്തിൽ സാമ്പത്തിക സമാഹരണത്തിന് ആപ് നിർമിച്ചു. ഓരോ സെക്കൻഡിലും അക്കൗണ്ടിലെത്തുന്ന തുക ആർക്കും കാണാ​വുന്ന തരത്തിലും സംഭാവനയായി നൽകുന്ന ഒരു രൂപക്കുപോലും രസീത് ലഭിക്കുന്ന തരത്തിലുമായിരുന്നു ​ആപ്പിന്റെ ക്രമീകരണം. പിന്നീട് ആയിരം അംഗങ്ങൾ വീതമുള്ള അഞ്ച് വാട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി ധനസമാഹരണ വിവരങ്ങൾ ഷെയർചെയ്തു. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുളളവ വഴിയും പ്രചാരണം തുടങ്ങി. ഇതോടെ ലോക മലയാളി ജനത സാമ്പത്തിക സമാഹരണം ഏറ്റെടുക്കുകയായിരുന്നു. ബോബി ചെമ്മന്നൂർ (ബോചെ) റഹീം സഹായ ഫണ്ടിനായി തെരുവിലിറങ്ങി കാമ്പയിൻ തുടങ്ങിയതും മുതൽക്കൂട്ടായി. പെരുന്നാൾ തലേന്ന് മാത്രം​ അഞ്ച്​ കോടി രൂപയോളം രൂപയാണ്​ അക്കൗണ്ടിൽ എത്തിയത്​.

ധനസമാഹരണം 34 കോടി കവിഞ്ഞെന്നും പണം പിരിക്കുന്നത് അവസാനിപ്പിച്ചെന്നും അബ്ദു റഹീം നിയമ സഹായ ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ് കുമാറും ജനറൽ കൺവീനർ കെ.കെ. ആലിക്കുട്ടിയും അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടുവരെ അക്കൗണ്ടുകളിൽ 32.52 കോടി രൂപ എത്തി. വിവിധ സംഘടനകൾ സമാഹരിച്ച തുകയും ബോബി ചെമ്മന്നൂർ വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും കൂടി ഉൾപ്പെടുത്തിയതോടെ ആകെ 34,45,46,568 രൂപയായി. ഇതോടെയാണ് പിരിവ് നിർത്തിയത്. എതാണ്ട് 30 കോടിക്ക് മുകളിൽ തുക എത്തിയതോടെ തന്നെ പണം പിരിക്കുന്ന ആപിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചിരുന്നു. മൂന്നാഴ്ചകൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്. ഇനി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസി വഴി പണം കൈമാറി റഹീമിന്റെ മോചനം സാധ്യമാക്കും. ഓഡിറ്റ് നടത്തിയശേഷം മുഴുവൻ തുകയുടെ കണക്കും ഔ​ദ്യോഗികമായി അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

Tags:    
News Summary - Thanks and prayers to all- Raheem's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.