തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വേണ്ടി പ്രയത്നിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി നേതാക്കൾക്ക് നന്ദി പറഞ്ഞ് അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ സി.ഇ.ഒ കരൺ അദാനി. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവനന്തപുരം എം.പി ശശി തരൂർ എന്നിവർക്ക് കരൺ അദാനി നന്ദി പറഞ്ഞു.
തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നന്ദി പറയുകയാണെന്ന് പറഞ്ഞ കരൺ അദാനി, പദ്ധതി യാഥാർഥ്യമാക്കാൻ ഒപ്പം നിന്ന പിണറായി വിജയനും, സർബാനന്ദ സോനോവാളിനും നന്ദിയറിയിച്ചു.
അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവർക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ആദ്യമായെത്തിയ കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്കുള്ള ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജന്‍, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ സംബന്ധിച്ചു. ‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍’’ എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.