നിയമസഭയിലേക്ക്​ മത്സരിക്കുമെന്ന സൂചനയുമായി തരൂർ, സംസ്ഥാനത്ത്​ സജീവമാകും

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽ​പര്യമു​ണ്ടെന്ന സൂചനയുമായി ശശി തരൂർ എം.പി. കേരളത്തിൽ പ്രവർത്തിക്കണമെന്ന്​ എല്ലാവരും ആവശ്യപ്പെടുന്നു. എല്ലാവരും പറയുമ്പോൾ എങ്ങനെ പറ്റില്ലെന്ന്​ പറയുമെന്നും അദ്ദേഹം കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു തരൂർ. കൂടിക്കാഴ്ചയിൽ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്നാണ്​ തന്‍റെ ആഗ്രഹമെന്ന്​ ബാവ പറഞ്ഞിരുന്നു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാവയുടെ ഉപദേശം ബഹുമാനത്തോടെ കേട്ടു. അത്​ അംഗീകരിക്കുന്നു. കേരളത്തിൽ സജീവമായുണ്ടാകും. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോടുതന്നെ ചോദിക്കണം. തന്‍റെ മനസ്സിലോ പ്രവൃത്തിയിലോ ജാതിയില്ല. വീട്ടിൽ ജോലി ചെയ്യുന്നവരുടെ ജാതിപോലും തനിക്കറിയില്ല. ജാതിയും മതവും സ്വകാര്യമാണ്​, കഴിവാണ്​ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് അപചയത്തിന്‍റെ വഴിയിലാണെന്നായിരുന്നു കൂടിക്കാഴ്​ചക്കുശേഷം ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവയുടെ പ്രതികരണം. തുടര്‍ച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് ഇതിന് തെളിവാണ്. ഐക്യമില്ലാത്തതാണ്​ കോൺഗ്രസിന്‍റെ​ തിരിച്ചടിക്ക്​ കാരണം. ഓർത്തഡോക്സ്​ സഭക്ക്​ ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതയില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹം. കേരളത്തിൽ മാറിമാറിയുള്ള ഭരണമാണ് നല്ലതെന്നും ബാവ മാധ്യമപ്രവർത്തക​രോട്​ പറഞ്ഞു. ഇതിനുപിന്നാലെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയാണ് തരൂർ ഓർത്തഡോക്സ്​ സഭ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ എത്തിയത്.

നേരത്തേ മാന്നാനം ആശ്രമ ദേവാലയത്തിലെ ചാവറയച്ചന്‍റെ കബറിടത്തിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഇവിടെയെത്തിയ മാധ്യമപ്രവർത്തകർ, പ്രധാനമന്ത്രിയാകാൻ തരൂർ യോഗ്യനാണെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്‍റെ മറുപടി. മറ്റുള്ളവർ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ല. പക്ഷേ, നല്ല വാക്കുകൾ സ്വീകരിക്കുന്നു. വർഷങ്ങളായി കുറേ ചീത്ത വാക്കുകളും കേട്ടിട്ടുണ്ട്. ഇടക്ക്​ നല്ല വാക്കുകൾ കേൾക്കുന്നതിൽ വിരോധമില്ല -തരൂർ പറഞ്ഞു.

Tags:    
News Summary - Tharoor hinted that he will contest for the Legislative Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.