കോഴിക്കോട്: തനിക്കെതിരായ വിമർശനത്തെ തള്ളി ശശി തരൂർ എം.പി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ചിലർ കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്, പക്ഷെ, എനിക്ക് ആരേയും ഭയമില്ല. മലബാർ പര്യടനത്തിനിടെ കണ്ണൂരിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.
പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിലെ `മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ' പ്രയോഗത്തെ പരിഹസിക്കാനും അദ്ദേഹം പറന്നില്ല. 'എന്തുകൊണ്ടാണ് നിങ്ങൾ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങൾ ബലൂൺ ഊതാനല്ല വന്നത്, അതേയോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
`വിഭാഗീയ പ്രവർത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നതെന്ന് പറയുമ്പോൾ ഞങ്ങൾക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കൂ. രാവിലെ പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പമാണ്,പിന്നെ ഡി.സി.സി അധ്യക്ഷനെ കണ്ടു. ഓഫീസിൽ കുറച്ചു സമയം ചെലവിട്ടു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ സ്ഥാപിച്ച സിവിൽ സർവീസ് അക്കാദമിയിൽ, വിദ്യാർഥികളോടൊപ്പം. അതുകഴിഞ്ഞ് പോയത് മഹിള കോളജിൽ. മഹിള ശാക്തീകരണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഇതിനിടയിൽ നവതിയുടെ നിറവിലുള്ള എം.ജി.എസ്. നാരായണൻ, മുൻ മന്ത്രി സിറിയക് ജോൺ എന്നിവരെ കണ്ടു. എല്ലാമാസവും കോഴിക്കോട് കാണില്ലല്ലോ. വരുമ്പോൾ കാണുന്നത് സ്വാഭാവികമാണ്. ഇതിനിടയിൽ കാന്തപുരം മുസ്‍ല്യാരുടെ അടുത്തെത്തി ആരോഗ്യവിവരം തിരക്കി. എ.പി. മുഹമ്മദ് മുസ്‍ല്യാരുടെ പേരിൽ നടത്തിയ അനുസ്മരണ പരിപാടിയിലും സംസാരിച്ചു.
ഇതിൽ എവിയൊണ് വിഭാഗീയ പ്രവർത്തനം എന്ന് മനസിലാവുന്നില്ല. ഞാനും രാഘവനും പറഞ്ഞ ഏത് വാക്കാണ് കോൺഗ്രസ് പാർട്ടിക്കെതിരായിട്ടുള്ളത്. ഏത് തെറ്റാണ് ചെയ്ത്. ആരെങ്കിലും എന്നോട് ചോദിച്ചാൽ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്. ഇതെല്ലാം മാധ്യമങ്ങള്‍ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങൾക്ക് അതാണ് ആവശ്യമെങ്കിൽ ഞാൻ തന്നെ സൂചി തരാൻ തയ്യാറാണ്' അദ്ദേഹം പറഞ്ഞു.
പതിനാലാമത്തെ വർഷമാണ് രാഷ്ട്രീയത്തിൽ ഞാൻ ആരേയും ആക്ഷേപിച്ചിട്ടില്ല. അതല്ല എന്റെ രീതി. ഞാൻ ആരേയും ആക്ഷേപിക്കുന്നില്ല. ആരോടും എതിർപ്പില്ല. ആരേയും ഭയമില്ല അവർ എന്റെ കൂടെ അതുപോലെ ഇരുന്നാൽ സന്തോഷമെന്നും തരൂർ പറഞ്ഞു. നേരിട്ട വിഷമം എ.ഐ.സി.സിയെ അറിയിക്കുമോ എന്ന ചോദ്യത്തിന്, ചോദിച്ചാൽ അല്ലേ അറിയിക്കേണ്ട ആവശ്യമുള്ളൂ. എനിക്കൊരു പരാതിയും ഇല്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു എന്നായിരുന്നു തരൂരിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.