കൊല്ലം: മാവേലിക്കരയിൽ ആറു വയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പിതാവ് പൊലീസ് കസ്റ്റഡിയിൽ യാത്ര ചെയ്യവെ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. വൈകിട്ട് നാലിന് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.
ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയായ ശ്രീ മഹേഷിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മെമു ട്രെയിനിൽ കൊണ്ടു പോവുകയായിരുന്നു പൊലീസ് സംഘം. സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട മഹേഷ് ടെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയും അടിയിൽപ്പെടുകയുമായിരുന്നു.
ജൂൺ ഏഴിന് രാത്രിയിലാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ മഴു ഉപയോഗിച്ച് പിതാവ് കൊലപ്പെടുത്തിയത്. മകളെ വെട്ടികൊലപ്പെടുത്തിയ ശേഷം സ്വന്തം അമ്മയെയും ശ്രീ മഹേഷ് വെട്ടിപരിക്കേൽപിച്ചിരുന്നു. കേസിൽ റിമാൻഡിലായ പ്രതി മാവേലിക്കര സബ് ജയിലിൽ വെച്ച് കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ പ്രതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു.
കൊലപാതകം നടന്ന 78-ാം ദിവസം കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വർഷം മുമ്പ് ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണത്തിന് ശേഷം ശ്രീ മഹേഷ് പുനർവിവാഹത്തിന് ശ്രമിച്ചെങ്കിലും കുട്ടി ഉള്ളതിനാൽ നടന്നില്ല. ഇതിലുള്ള വിരോധമാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.