തിരുവല്ല: അയൽവാസികളുടെ വീടുകൾക്കുനേരെ ആക്രമണം നടത്തിയ കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ മധ്യവയസ്കൻ അയൽവീടിന് നേരെ വീണ്ടും ആക്രമണം നടത്തി.
മീന്തലക്കര പുതിരിക്കാട്ട് മലയിൽ ചാമക്കാലായിൽ വീട്ടിൽ ജോൺ ചാക്കോയാണ് അയൽവാസിയായ ചെല്ലമ്മയുടെ വീട് വീണ്ടും അടിച്ചുതകർത്തത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇരുമ്പ് പൈപ്പുമായി ചെല്ലമ്മയുടെ വീട്ടിലെത്തിയ ജോൺ ചാക്കോ വീടിെൻറ ചുറ്റുപാടുമുള്ള ജനാലകൾ പൈപ്പ് ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു.
78 കാരിയായ ചെല്ലമ്മയും 76 കാരനായ സഹോദരൻ ശ്രീധരനും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെയും ജോൺ ചാക്കോ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ നവംബറിൽ ജോൺ ചാക്കോ ചെല്ലമ്മയുടേതടക്കം മൂന്ന് അയൽ വാസികളുടെ വീടുകൾക്കുനേരെ ആക്രമണം നടത്തുകയും ജനാലകളും കുടിവെള്ള പൈപ്പും അടക്കം അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഈ കേസിൽ തിരുവല്ല പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
മൂന്നാഴ്ച മുമ്പാണ് ഇയാൾ ഉപാധികളോടെ ജാമ്യത്തിൽ ഇറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ഞായറാഴ്ചത്തെ ആക്രമണം. സംഭവം സംബന്ധിച്ച് ചെല്ലമ്മയുടെ പരാതി ലഭിച്ചതായും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും തിരുവല്ല എസ്.ഐ.എ അനീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.