രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകൾക്കും പ്രചാരണത്തിന്​ അവസരം നിഷേധിക്കരുതെന്ന്​ സര്‍വകക്ഷി യോഗം

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വകക്ഷി യോഗം. സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്‍റെ അഭിപ്രായമായി ഹൈകോടതിയെ അറിയിക്കും. അഡ്വക്കറ്റ് ജനറലിനെ ഇതിനായി ചുമതലപ്പെടുത്തി.

സ്വകാര്യ മതിലുകള്‍, വളപ്പുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാമെന്ന്​ യോഗം അഭിപ്രായപ്പെട്ടു. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗതടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങള്‍ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടുമെന്നും പരിപാടിക്കുശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത്.

യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവെ യോജിപ്പ് പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, എ. വിജയരാഘവന്‍ (സി.പി.എം), മരിയാപുരം ശ്രീകുമാര്‍ (കോണ്‍ഗ്രസ്), പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.യു.എം.എല്‍), ഇ. ചന്ദ്രശേഖരന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), കെ.ആര്‍. രാജന്‍ (എന്‍.സി.പി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആര്‍.എസ്.പി - ലെനിനിസ്റ്റ്), സി. കൃഷ്ണകുമാര്‍ (ബി.ജെ.പി), വി. സുരേന്ദ്രന്‍ പിള്ള (ലോകതാന്ത്രിക് ജനതാദള്‍), പി.സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - The all-party meeting said that political parties and organizations should not be denied the opportunity to campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.