തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സ്വർണ്ണക്കടത്തിന്റെ ഉള്ളുകള്ളികൾ പുറത്ത് വരാതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ആരോപണമുന്നയിക്കുന്നവരുടെ നാവ് അരിഞ്ഞ് നിഷ്ക്രിയമാക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നടപടികൾ ഭീരുത്വമാണ്. ആരോപണങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ കേസ് എടുക്കാൻ പൊലീസ് എന്തുകൊണ്ട് തയാറാകുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് അദ്ദേഹത്തിന്റെ നിശബ്ദത കുറ്റസമ്മതം തന്നെയാകാം എന്നും കുമ്മനം പറഞ്ഞു.
ആരോപണമുന്നയിക്കുന്നവരുടെ നാവ് അരിയാൻ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ശ്രമിക്കരുത്. കേരളത്തിൽ അരാജകത്വമാണ് നടമാടുന്നത്. അക്രമങ്ങളിലൂടെ നാശനഷ്ടങ്ങൾ വരുത്തുമ്പോൾ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല എന്നും കുമ്മനം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാനുളള വ്യഗ്രതയാണെന്നും കുമ്മനം വിമർശിച്ചു.
ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിക്കുന്നത് വ്യവസ്ഥതിയുടെ അടിസ്ഥാനത്തിലാണ്. ഇഡിക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലേ. ഇതിന്റെ പേരിൽ നാടുനീളെ അക്രമം അഴിച്ചു വിടുന്നത് എന്തിനാണെന്നും കുമ്മനം ചോദിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ സായുധ സേനയെ ശക്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. അത് എന്തിനാണ് തടയുന്നത്. സായുധസേനയെ വിമർശിക്കുന്നത് കോൺഗ്രസ്, സി.പി.എം, ജിഹാദി കൂട്ടുകെട്ട് ആണെന്നും കുമ്മനം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.