തൃശൂർ: കൈക്കൂലി വാങ്ങുന്നതിൽ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് അറസ്റ്റിലായ മണ്ണാർക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ. ലോഡ്ജ് മുറിയിൽ കണ്ടെത്തിയ പണം താൻ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
കൈക്കൂലി കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിനെ ഇന്നലെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മൂന്ന് ദിവസത്തേക്കാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. ലോക്കൽ മാപ്പ്, സ്കെച്ച് എന്നിവ തയാറാക്കാൻ പണം ആവശ്യപ്പെട്ടത് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
അന്വേഷണത്തിൽ ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് പിടികൂടിയത്. 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 25 ലക്ഷം രൂപയുടെ സേവിങ്സും ഉണ്ടെന്നാണ് കണ്ടെത്തൽ. 9000 രൂപ വരുന്ന 17 കിലോ നാണയങ്ങളും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.
കൈക്കൂലിയായി വാങ്ങിയ തേനും കുടംപുളിയും 10 കെട്ട് പൊട്ടിക്കാത്ത മുണ്ടും ഷർട്ടും ഒപ്പം പേനകളുമടക്കം വിജിലൻസ് കണ്ടെത്തി. വീട് വെക്കാനാണ് പണം സ്വരുക്കൂട്ടിയത് എന്നാണ് പ്രതിയുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.