പത്തനാപുരം: നാട്ടുകാരുടെ പരാതി ചെവിക്കൊള്ളാൻ അധികൃതർ തയാറാകാതെ വന്നതോടെ കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത് ഒരു ജീവന്‍ കൂടി. വനപാലകരുടെ നടപടിയില്‍ പ്രതിഷേധിച്ച്, അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍ കാട്ടാന ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞു. രണ്ടു മണിക്കൂറോളം മൃതദേഹം നാട്ടുകാര്‍ തടഞ്ഞുവെച്ചു.
തിങ്കളാഴ്ച രാവിലെയാണ് കാല്‍നടയാത്രക്കാരനെ തുറ ജങ്ഷന് സമീപം വെച്ച് ആനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. പതിവായി പാതയില്‍ ആനയുടെ ശല്യമുണ്ട്. ഇതുസംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആനക്കൂട്ടത്തെ കാടുകയറ്റി വിടാന്‍ വനപാലകര്‍ നടപടിയൊന്നും ചെയ്തിരുന്നില്ല. രണ്ടാഴ്ചയിലധികമായി പാതയോരത്ത് കാടിറങ്ങിയ ആനക്കൂട്ടം നിലയുറപ്പിക്കുന്നുണ്ട്. വാഹനയാത്രികരെയും കാല്‍നടയാത്രക്കാരെയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും പ്രദേശവാസികള്‍ പരാതികള്‍ നല്‍കിയിട്ടും ദിവസങ്ങള്‍ പിന്നിടുന്നു.
തുടര്‍ന്ന് കോന്നി ഡി.എഫ്.ഒ എത്തി പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ മൃതദേഹംവിട്ട് നല്‍കൂവെന്ന് നാട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് അച്ചന്‍കോവില്‍ എസ്.ഐ ശ്രീകൃഷ്ണകുമാറും തുറ റേഞ്ച് ഓഫിസറും നാട്ടുകാരുമായി സംസാരിച്ചു. അടുത്ത ദിവസങ്ങളില്‍തന്നെ ആനകളെ കാടുകയറ്റിവിടാമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മാറ്റിയത്.ദിവസങ്ങള്‍ക്കു മുമ്പ് പാതയില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ പിതാവിനെയും മകളെയും ആന ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.