കട്ടപ്പന: കല്യാണത്തണ്ടിൽ റവന്യൂ അധികൃതർ സർക്കാർ വക ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചതോടെ 43ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60ൽ സർവേ നമ്പർ 19 ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന് റെക്കോഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് ഇവിടം റിസർവ് വനമാക്കി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് റവന്യൂ വകുപ്പിന്റെ ബോർഡ് സ്ഥാപിക്കൽ എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കട്ടപ്പന നഗരസഭയിലെ കല്യാണത്തണ്ടിൽ 17, 18 സർവേ നമ്പറിലെ പ്രദേശം റവന്യൂ ഭൂമിയാണെന്ന് പറഞ്ഞാണ് ഓരോ വർഷവും കുടിയൊഴുപ്പിക്കാൻ അധികൃതർ ഇവിടെ എത്തുന്നത്. എന്നാൽ, പതിറ്റാണ്ടുകൾക്ക് മുമ്പേ ആളുകൾ ഇവിടെ താമസിക്കുന്നതാണ്. ഓരോ വർഷവും പട്ടയം നൽകാമെന്ന് പറഞ്ഞ് മന്ത്രിമാർ പ്രദേശവാസികൾക്ക് വാഗ്ദാനം നൽകാറുണ്ട്. ഇതിന്റെ ഭാഗമായി സർവേയർമാർ എത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി പോകുന്നതല്ലാതെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
പട്ടയം ഇല്ലാത്തത്തിനാൽ നഗരസഭയിൽനിന്ന് അനുവദിച്ച വീടുകളും നിർമിക്കാൻ തമാസക്കാർക്ക് സാധിക്കുന്നില്ല. പഴയ വീടിനും സ്ഥലങ്ങൾക്കും ഉൾപ്പെടെ ഇവർ കരം അടക്കുന്നുമുണ്ട്. വർഷങ്ങൾക്ക് മുമ്പേ ഇവിടെ താമസമാക്കിയവർ കുടിയിറങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ്. ഈ പ്രദേശത്തെ ഭൂമി സർവേ നമ്പറുകളുടെ അതിർത്തി പങ്കിടുന്ന സർവേ നമ്പറുകളിൽ എല്ലാം പട്ടയം ലഭിച്ചിട്ടുമുണ്ട്. പക്ഷേ, റവന്യൂ ബോർഡ് സ്ഥാപിച്ച പ്രദേശവാസികൾക്ക് ഇതുവരെ പട്ടയം നൽകിയിട്ടില്ല. റവന്യൂ വകുപ്പ് കുടിയിറക്ക് നടപടിയുമായി മുന്നോട്ടുപോയാൽ ജനകീയ സമരങ്ങൾ ശക്തമാക്കാനാണ് കുടുംബങ്ങളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.