തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ നാലുപേരുടെയും മൃതദേഹം കണ്ടെത്തി. റോബിൻ (42) എന്നയാളുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. കുഞ്ഞുമോന്‍, ബിജു എന്ന സുരേഷ് ഫെര്‍ണാണ്ടസ് (58), ബിജു ആന്റണി (47) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ച നാലുപേരും പുതുക്കുറിച്ചിക്കാരാണ്.
തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് മുതലപ്പൊഴി ഹാര്‍ബറില്‍നിന്ന് പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളും കടലിലേക്ക് തെറിച്ചുവീണു. ഇരുട്ടായതിനാല്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവര്‍ കണ്ടിരുന്നില്ല. താഴംപള്ളി പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ വള്ളം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. ബന്ധുക്കളും അയൽവാസികളുമായ നാലുപേരും ഒരുമിച്ചാണ് മീന്‍പിടിക്കാന്‍ പോയിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ‘പരലോക മാതാ’ എന്ന വള്ളമാണ് മറിഞ്ഞത്.
രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ രണ്ടിടത്ത് റോഡ് ഉപരോധിക്കുകയും സ്ഥലം സന്ദർശിച്ച മന്ത്രിമാരെ തടയുകയും ചെയ്തിരുന്നു. പുലർച്ചെയാണ് അപകടമുണ്ടായതെങ്കിലും അഞ്ചു മണിക്കൂർ വൈകി രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് ഔദ്യോഗിക രക്ഷാപ്രവർത്തനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.