1. കാർ കൊക്കയിലേക്ക് മറിഞ്ഞ ചുരത്തിലെ രണ്ടാം വളവ് 2. അപകടത്തിൽ മരിച്ച റഷീദ

വയനാട് ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

വൈത്തിരി/കോഴിക്കോട്: വയനാട് ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മുട്ടിൽ പരിയാരം സ്വദേശികളായ കുടുംബാംഗങ്ങളടക്കം ഒമ്പതു പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പരിയാരം പാറക്കൽ ഉപ്പൂത്തിയിൽ ഷിഹാബി​ന്റെ ഭാര്യ കെ.പി. റഷീദ (38) ആണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്.

ഗുരുതര പരിക്കേറ്റ റിയ (18), കാർ ഡ്രൈവർ ഷൈജൽ (23), ആസ്യ (42) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമര​ശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആസ്യയെ പിന്നീട് മെഡിക്കൽ കോളജ് ആ​ശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഹമ്മദ് ഷിഫിൻ-സച്ചു (എട്ട്), മുഹമ്മദ് ഷാൻ (14), അസ്‌ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹിൽസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഉംറക്ക് പോകുന്ന കുടുംബാംഗത്തെ യാത്രയയക്കാൻ കോഴിക്കോട് വിമാനത്താവളത്തിൽ പോയ ശേഷം മടങ്ങി വരികയായിരുന്നു സംഘം.

രാത്രി ഒമ്പതോടെ രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. ഏറെ താഴ്ചയിലേക്ക് വീണ കാറിൽനിന്ന് ഒമ്പതു പേരെയും ശ്രമകരമായാണ് പുറത്തെടുത്തത്. കാറിന് മുകളിൽ പന മറിഞ്ഞുവീണത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. കനത്ത മഴയും ഇരുട്ടും രക്ഷാ​പ്രവർത്തനത്തിന് തടസ്സമായി. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ മുകളിലെത്തിക്കാൻ കഴിയാത്തതിനാൽ താഴെക്ക് ഇറക്കിയാണ് പുറത്തേക്ക് എത്തിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

കാർ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് മുക്കത്തുനിന്ന് അഗ്നിശമനസേനാ യൂനിറ്റ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പൊലീസും സന്നദ്ധ പ്രവർത്തകരും സഹായത്തിനെത്തി. കൽപറ്റയിൽ നിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽപെട്ടവരെ പത്തരയോടെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. റഷീദയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംരക്ഷണഭിത്തി എന്നോ തകർന്ന് അറ്റകുറ്റപ്രവൃത്തി കാത്തുകിടന്ന സ്ഥലത്ത് കൂടിയാണ് കാർ നിയന്ത്രണം വിട്ട് താഴോട്ട് പതിച്ചതെന്നാണ് സൂചന. എതിരെ പൊടുന്നനെ അമിതവേഗതയിൽ വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ പെട്ടെന്ന് വെട്ടിക്കവെ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 

Tags:    
News Summary - The car overturned at the Wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.