തിരൂർ: തിരൂരങ്ങാടിയിൽ ഒഡിഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഛത്തീസ്ഗഢ് സ്വദേശിയായ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. ഛത്തീസ്ഗഢ് ബസ്തർ ജില്ലയിലെ ബിൻരാജ് നഗർ വില്ലേജ് സ്വദേശി ബൂട്ടി ഭാഗേലിനെയാണ് (47) തിരൂർ അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എൻ.ആർ. കൃഷ്ണകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
കൂടാതെ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. 2020 ഫെബ്രുവരി 27ന് പുലർച്ചെ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുന്നിയൂർ പാറക്കടവിലെ കോർട്ടേഴ്സിൽ കൂടെ താമസിച്ച ഒഡിഷ സ്വദേശിയായ ലക്ഷ്മൺ മാജിയെ (41) മഴു കൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേ ദിവസം രാത്രി കോഴിയിറച്ചി സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
കൂടെ താമസിച്ചിരുന്നവർ പ്രശ്നം രമ്യതയിലാക്കിയെങ്കിലും എല്ലാവരും ഉറങ്ങുന്നതിനിടെ ബൂട്ടി ഭാനേൽ ലക്ഷ്മൺ മാജിയെ കൊലപ്പെടുത്തുകയായിരുന്നു. തിരൂരങ്ങാടി സി.ഐയായിരുന്ന റഫീക്കാണ് കേസ് അന്വേഷിച്ചത്.
സി.ഐ റോയ് അന്വേഷണം പൂർത്തിയാക്കി. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി.പി. അബ്ദുൽജബ്ബാറാണ് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചത്. ഹിന്ദി ദ്വിഭാഷിയായി അഡ്വ. ശ്രീരാജ് കോടതിയെ സഹായിച്ചു. അഡ്വ. എൻ.വി. ഷിജി, അനിൽകുമാർ, കെ.പി. സുജിത്ത് എന്നിവർ പ്രോസിക്യൂട്ടർ സഹായികളായി. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.