തിരുവല്ല: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവാനന്തര ശുശ്രൂഷയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെ കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ കായംകുളം കണ്ടല്ലൂർ വെട്ടല്ലൂർ കിഴക്കേതിൽ എസ്. അനുഷയെയാണ് (30) തിരുവല്ല കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിക്കായി നൽകിയ ജാമ്യാപേക്ഷ തള്ളിയ കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് പൊലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ അനുഷ, മുറിയിലെത്തി സ്നേഹയോട് കുത്തിവെപ്പെടുക്കാൻ നിർബന്ധിച്ചു. ഡിസ്ചാർജ് ചെയ്തതിനാൽ ഇനി എന്തിനാണ് കുത്തിവെപ്പെന്ന് സ്നേഹ ചോദിച്ചു. ഒരു കുത്തിവെപ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് കൈയിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.
സ്നേഹ ബഹളം വെച്ചതോടെ ആശുപത്രി ജീവനക്കാരെത്തി അനുഷയെ പിടിച്ചുമാറ്റി തടഞ്ഞുവെച്ചു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്നേഹയുടെ ഭർത്താവും തന്റെ സുഹൃത്തുമായ അരുണിനെ സ്വന്തമാക്കാനാണ് ഇത്തരം കുറ്റകൃത്യം ചെയ്തതെന്ന് അനുഷ പൊലീസിൽ മൊഴി നൽകിയിരുന്നു. അരുണിനെ പൊലീസ് രണ്ടുതവണ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.