കോഴിക്കോട്: സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന് കൊലപ്പെടുത്തി മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ ഇനി അറസ്റ്റിലാവാനുള്ളത് ഒരുപ്രതി കൂടി. സ്ത്രീയുടെ സ്വർണാഭരണം കൊലയാളികളിൽനിന്ന് തട്ടിയെടുത്ത മൂന്നംഗ സംഘത്തിലെ ഒരാളായ ഗൂഡല്ലൂരിലെ സൈനുൽ ആബിദീനാണ് ഇനി അറസ്റ്റിലാവാനുള്ളത്. ഇയാൾക്കായി കസബ പൊലീസിന്റെ അന്വേഷണ സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ പക്കൽ കൊല്ലപ്പെട്ട സ്ത്രീയുടെ വളയും കമ്മലും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നഷ്ടമായതിൽ ഏഴുപവനോളം സ്വർണാഭരണവും പണവും ഇതിനകം കണ്ടെടുത്തിരുന്നു.
കഴിഞ്ഞ നവംബറിലാണ് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ രണ്ടംഗ സംഘം കാറിൽ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. താനൂർ സ്വദേശി സമദ്, കൂട്ടാളി ഗൂഡല്ലൂർ സ്വദേശി സുലൈമാൻ, സമദിൽ നിന്ന് സ്വർണം തട്ടിയെടുത്ത ഗൂഡല്ലൂർ സ്വദേശി ശരത്, വയനാട് സ്വദേശി നിയാസ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. സ്ത്രീയെ കൊലപ്പെടുത്തിയത് സമദും സുലൈമാനും ചേർന്നായിരുന്നു. തുടർന്ന് ഇവരുടെ ആഭരണം സമദിന്റെ കൈയിൽ നിന്ന് കവർന്നെന്നാണ് ശരത്, നിയാസ്, സൈനുൽ ആബിദീൻ എന്നിവർക്കെതിരായ കുറ്റം. കാണാതായ ആഭരണത്തിൽ സ്വർണത്തിന്റേതല്ലാത്ത മാല പ്രതികൾ നേരത്തെ താമസിച്ച ഊട്ടിയിലെ ലോഡ്ജിനടുത്തുനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഒളിവിലുള്ള പ്രതിയെ കൂടി പിടികൂടിയാൽ ഉടൻ കേസിന്റെ കുറ്റപത്രം സമർപ്പിക്കാനാവുമെന്ന് അന്വേഷണ സംഘ ത്തലവൻ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു.
സൈനബയെ കാറിൽ കടത്തിക്കൊണ്ടുപോയ സമദും സുലൈമാനും ആദ്യം സമദിന്റെ വീടിന്റെ പരിസരത്ത് പോവുകയും പിന്നീട് അരീക്കോട് വഴി കോഴിക്കോട്ടേക്ക് മടങ്ങവേ മുക്കത്തിനടുത്തെത്തിയപ്പോൾ കാറിൽവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ധരിച്ച ഷാൾ സൈനബയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊല. തുടർന്ന് ശരീരത്തിലെ ആഭരണവും ബാഗിലെ പണവും കൈക്കലാക്കി മൃതദേഹം നാടുകാണി ചുരത്തിലെ പോപ്സൺ എസ്റ്റേറ്റിന് മുന്നിലെ താഴ്ചയിൽ തള്ളി. പിന്നീട് ഇരുവരും ഗൂഡല്ലൂരിലെത്തി ആഭരണവും പണവും വീതം വെച്ച് ആഭരണം മുഴുവൻ സമദ് സൂക്ഷിച്ചു. ഇതിനിടെയാണ് മൂന്നംഗ സംഘമെത്തി ആഭരണം കവർന്നത്. സൈനബയെ കാണാതായതോടെ കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിനിടെ ഇവരുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത് സമദാണെന്ന കണ്ടെത്തലാണ് കൊലയുടെ ചുരുളഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.