ജെസ്നയെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്ന് സി.ബി.ഐ

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സി.ബി.ഐ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്ന് സി.ബി.ഐ. സോഷ്യൽ മീഡിയയിലടക്കം ജെസ്നയെ സിറിയയിൽ കണ്ടെത്തി എന്ന നിലയിൽ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐയുടെ ഇത് വ്യാജമാണെന്ന് അറിയിച്ചത്. അത്തരം കണ്ടെത്തലുകളൊന്നും സി.ബി.ഐ നടത്തിയിട്ടില്ലെന്നും സി.ബി.ഐ പറഞ്ഞു.

2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായത്. വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. തുട‍ർന്നാണ് 2021 ഫെബ്രുവരിയിൽ കേസ് സി.ബി.ഐക്ക് കൈമാറിയത്.

2018 മാർച്ച് 22ന് ജെസ്ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്ന് ഇറങ്ങിയത്. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. ജെസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ തുമ്പ് കണ്ടെത്താതെ വന്നതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ബംഗളുരു, പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ജെസ്നയെ കണ്ടുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. 

Tags:    
News Summary - The CBI has denied reports that Jesna was found in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.