തിരുവനന്തപുരം: സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. 8,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനത്തിന് ഈ വർഷം 15,390 കോടി രൂപ മാത്രമേ വായ്പ എടുക്കാൻ സാധിക്കൂ. കേന്ദ്ര സർക്കാറിന് പുതിയ തീരുമാനം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ വർഷം 23,000 കോടി രൂപയാണ് വായ്പ പരിധി കേന്ദ്രം അനുവദിച്ചത്. അതിൽ നിന്നാണ് 8,000 കോടി കുറച്ചത്. ഈ സാമ്പത്തിക വർഷത്തിൽ നിത്യ ചെലവിനായി ഇതിനോടകം 2000 കോടി സംസ്ഥാനം വായ്പ എടുത്തിട്ടുണ്ട്. ഈ തുക കുറച്ചാൽ 12,390 കോടി മാത്രമേ ഈ വർഷം കടമെടുക്കാൻ കഴിയൂ. ഇതോടെ സമൂഹ്യ ക്ഷേമ പെൻഷൻ അടക്കമുള്ളവ വിതരണം ചെയ്യുന്നത് വീണ്ടും താളംതെറ്റും.
കിഫ്ബി, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വായ്പകൾ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതാണ് ഇതിന് കാരണം. കിഫ്ബിയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും നിന്നുള്ള വായ്പകൾ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തരുതെന്ന് സർക്കാർ വർഷങ്ങളായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും മുഖ്യമന്ത്രി കത്തയക്കുകയും സംസ്ഥാന ധനമന്ത്രി നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.