പാലക്കാട്: പണം നൽകാത്തതിനാൽ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കാത്തത് കാരണം ആദിവാസി യുവതിക്ക് സർക്കാർ ജോലി നഷ്ടമായതായി പരാതി. അട്ടപ്പാടി കാരയൂർ സ്വദേശി എം. ആരതിക്കാണ് പി.എസ്.സിയുടെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഭിമുഖത്തിൽ പങ്കെടുക്കാനാവാതെ മടങ്ങേണ്ടി വന്നത്.
എഴുത്ത് പരീക്ഷയും കായികക്ഷമത പരീക്ഷയും പാസായെങ്കിലും പത്താംക്ലാസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തതിനാൽ പി.എസ്.സി അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 2015ൽ പാലക്കാട് ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ പഠനത്തിനായി ചേർന്നിരുന്നു. ഭിന്നശേഷിക്കാരനായ മകനെ നോക്കാൻ കഴിയാത്തതിനാൽ പഠനം ഉപേക്ഷിച്ചു. ബോണ്ട് വെച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ച് ലഭിച്ചിരുന്നില്ല. ഇതാണ് തിരിച്ചടിയായത്.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്ത വിവരം പട്ടികജാതി-വർഗ മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പി.എസ്.സിക്ക് അപേക്ഷ നൽകി അഭിമുഖത്തിൽ പങ്കെടുക്കാൻ നിർദേശമുണ്ടായിട്ടും പി.എസ്.സി അപേക്ഷ പരിഗണിച്ചില്ലെന്ന് യുവതി പറയുന്നു. അതേസമയം, കോഴ്‌സിന് ചേരുന്ന എല്ലാ കുട്ടികൾക്കും ബോണ്ട് നിശ്ചയിച്ചിട്ടുണ്ടെന്ന് നഴ്‌സിങ് സ്‌കൂൾ അധികൃതർ അറിയിച്ചു.
ഉന്തിയ പല്ല് അയോഗ്യതയാക്കി അട്ടപ്പാടിയിലെ തന്നെ ആദിവാസി യുവാവിന് ജോലി നിഷേധിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. അതും ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലിയാണ് നഷ്ടമായത്. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണ് പല്ലിന്റെ പേരിൽ സർക്കാർ ജോലി ലഭിക്കാതിരുന്നത്. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാറുണ്ടായത്.
ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചായിരുന്നു മുത്തു അഭിമുഖത്തിന് പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.