മന്ത്രി വീണ ജോർജിന്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി വീണ ജോർജിന്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി. കുവൈറ്റിലെ മംഗഫിൽ 2024 ജൂണ്‍ 12 നുണ്ടായ ദുരന്തത്തിൽ ജീവന്‍ നഷ്ടമായവരില്‍ പകുതിയും കേരളീയരായിരുന്നുവെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈറ്റിലേക്ക് അയക്കുവാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന ആരോഗ്യ മന്ത്രിയുടെ കുവൈറ്റിലെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും മറ്റ് അധികാരികളോടും ഇന്ത്യന്‍ എംബസിയോടും ബന്ധപ്പെട്ട്‌ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സഹായകരമാകുമായിരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനും സഹായകമാകുമായിരുന്നു. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭ്യമാകാതിരുന്നത് മൂലം കേരള ആരോഗ്യമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം നടക്കാതെ പോയത് അത്യന്തം ദൗർഭാഗ്യകരമാണ്.

സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിരസിക്കുന്നത് തടസ്സമാകുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഫെബ്രുവരി 28ലെ ക്യാബിനെറ്റ്‌ സെക്രട്ടറിയേറ്റ് ഓഫീസ് മേമ്മോറാണ്ടം പ്രകാരമാണ് പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി അപേക്ഷിച്ചതെന്നും കേരള മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനം അവമതിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു.

ഈ അപേക്ഷ പരിഗണിക്കാതിരുന്ന നടപടി വികസനോദ്ദ്യമങ്ങളിലും ദുരന്തവേളകളില്‍ ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കാന്‍ എടുക്കേണ്ട നടപടികളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഐക്യമനോഭാവത്തോടെ ആയിരിക്കണമെന്ന സഹകരണാത്മക ഫെഡറലിസത്തിൻ്റെ സത്തയ്ക്ക് കടകവിരുദ്ധമാണ്‌. ഇത്തരം വേളകളില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കുന്നതിന് രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ ഒരു തടസ്സങ്ങളും ഉണ്ടാകരുത് എന്ന വസ്തുത പ്രധാനമന്ത്രി മനസ്സിലാക്കുമെന്നു കരുതുന്നു.

ആരോഗ്യകരമായ സഹകരണാത്മക ഫെഡറലിസം ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും അനിവാര്യമായതിനാല്‍ ഭാവിയില്‍ ഇത്തരം അവസരങ്ങളില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Tags:    
News Summary - The Chief Minister has written to the Prime Minister against the action of denying Minister Veena George's trip to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.