കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ ചൂടും ചൂരും മുഖ്യമന്ത്രി അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്നും പുതിയ നേതൃത്വം കേരളത്തിന് ഇതുവരെ കാണാത്ത യുവജന വസന്തമാണ് നല്കാന് പോകുന്നതെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. ആര്. ഷഹിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ജില്ല കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃനിരയെ മുഖ്യമന്ത്രി ഭയപ്പാടോടു കൂടിയാണ് കാണുന്നതെന്നും അതാണ് സംഘടന തെരഞ്ഞെടുപ്പിനെ രാജ്യദ്രോഹമെന്ന് വിളിച്ച് ആക്ഷേപിക്കാന്‍ പ്രേരിപ്പിച്ചതെന്നും സിദ്ദീഖ് പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ വ്യാജ ഐ.ഡി കാര്‍ഡിലൂടെ വോട്ടുചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നവരാണ് യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.
ഡി.വൈ.എഫ്.ഐയുടെ ജീവന്‍രക്ഷ പ്രവര്‍ത്തനത്തെയും അകമ്പടി പൊലീസിന്റെ മര്‍ദനത്തെയും അതിജീവിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രകടനം തുടരുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഷോ നടത്താനുള്ള യാത്രയാണ് നവകേരള യാത്ര. കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നില്ല. നവകേരള യാത്ര കല്യാശ്ശേരിയില്‍ എത്തുംമുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. അവിടെ കരിങ്കൊടി കാണിച്ചവരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെടിച്ചട്ടി കൊണ്ട് തലക്കടിച്ചു. ഇതിനെ ജീവന്‍രക്ഷ പ്രവര്‍ത്തനമെന്നാണ് പിണറായി വിജയന് ന്യായീകരിച്ചത്.
ആരെയൊക്കെ ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിച്ചാലും സംഘടിത സമരം തുടരും. സര്‍ക്കാറിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുള്ളതിനാൽ ജനങ്ങളെ സംഘടിപ്പിച്ച് ഉത്തരവാദിത്തം നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു.
ആര്. ഷഹിന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, മുന്‍ ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്, എന്‍.എസ്.യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്, എം.പി. ആദം മുല്‍സി, സത്യന് കടിയങ്ങാട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ജനീഷ് എന്നിവർ സംസാരിച്ചു.
മുജീബ് പുറായിൽ സ്വാഗതവും ഷാഹിദ് കടലുണ്ടി നന്ദിയും പറഞ്ഞു. അഞ്ച് വൈസ് പ്രസിഡന്റുമാരും 18 ജനറല്‍ സെക്രട്ടറിമാരും 12 സെക്രട്ടറിമാരും ഉള്‍പ്പെടെ 36 ഭാരവാഹികളാണ് സ്ഥാനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.