മുഖ്യമന്ത്രിയും മന്ത്രിമാരും ജനനേതാക്കളും ആദരാഞ്ജലി അർപ്പിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നാടിൻ്റെ അന്ത്യാഞ്ജലി. നാടിനെ നടുക്കിയ തീപിടിത്തത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ആദരാഞ്ജലികളർപ്പിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 23 മലയാളികളെ കൂടാതെ തമിഴ്നാട് സ്വദേശികളായ ഏഴു പേരുടെ മൃതദേഹങ്ങൾ തമിഴ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സെൻജി മസ്താനും കർണാടക സ്വദേശിയുടെ മൃതദേഹം അവിടെ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.

രാവിലെ 11.30 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ കാർഗോ ടെർമിനൽ ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിന്നാണ് ബന്ധുക്കൾ ഉൾപ്പെടെ ഏറ്റുവാങ്ങിയത്. കർണാടക സ്വദേശിയുടെ മൃതദേഹം മറ്റൊരു വിമാനത്തിൽ സ്വദേശത്തേക്ക് കൊണ്ടുപോയി.

 

ദുരന്തത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ്, തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.എസ് മസ്താൻ എന്നിവർ ചേർന്ന് ആദ്യം അന്തിമോപചാരം അർപ്പിച്ചത്. തുടർന്ന് മുഖ്യമന്ത്രി ബാക്കി 29 മൃതദേഹത്തിലും പുഷ്പചക്രം അർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി രാജീവ്, കെ രാജൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാരായ കെ. രാധാകൃഷ്ണൻ, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ആൻ്റോ ആൻ്റണി, എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത്, ടി.ജെ വിനോദ് , മാണി സി കാപ്പൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, യാക്കോബായ സഭ മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്തനാസിയോസ്, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്, തമിഴ്നാട് പൊലീസ് കമീഷണർ കൃഷ്ണമൂർത്തി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

 

സംസ്ഥാന സർക്കാരിനു വേണ്ടി ആദരസൂചകമായി ഗാർഡ് ഓണർ നൽകി. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹങ്ങൾ കൈമാറി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 23 ആംബുലൻസുകളിലാണ് ഓരോരുത്തരുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയത്. ഓരോ ആംബുലൻസിനും കേരള പോലീസിന്റെ പൈലറ്റ് വാഹനവും കൂടെയുണ്ടായിരുന്നു. തമിഴ്നാട് ആംബുലൻസിന് സംസ്ഥാന അതിർത്തി വരെയും പോലീസ് അകമ്പടി നൽകി.

കാർഗോ ടെർമിനലിന് സമീപം 17 മേശകളിലാണ് മൃതദേഹങ്ങൾ അടങ്ങിയ പെട്ടികൾ വച്ചത്. ഒരു മേശയിൽ രണ്ടു പെട്ടികൾ വീതമാണ് വച്ചത്.

Tags:    
News Summary - The chief minister, ministers and people's leaders paid their respects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.