തൃശൂർ: ഇടതുപക്ഷ കേരളത്തെ വലതുപക്ഷ കേരളമാക്കാനും ഐക്യ കേരളത്തെ അനൈക്യ കേരളമാക്കാനും ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്‍റെ ഐക്യാധിഷ്ഠിതമായ നിലനിപ്പുതന്നെ വലിയ ഭീഷണി നേരിടുന്നു. ഒറ്റ മനസായി നിന്ന് നമുക്ക് ഇതിനെ നേരിടാന്‍ കഴിയണം. കേരളത്തെ രക്ഷിച്ചുകൊണ്ട് ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് എല്ലാ രംഗത്തും ഒരു മലയാളത്തനിമയുണ്ട്. ആ തനിമ നശിച്ചുപൊയ്ക്കൂട. അതു സംരക്ഷിക്കപ്പെടണം. ഐക്യ കേരളം നാം രൂപപ്പെടുത്തിയെടുത്തതു പോലും ഈ മലയാളിത്തത്തിൽ ഊന്നിക്കൊണ്ടാണ്. ആ ഐക്യ കേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അത് അനുവദിച്ചുകൂട.
കേരളം മതമൈത്രിയുടെ, സഹവര്‍ത്തിത്വ ജീവിതത്തിന്‍റെ, സാഹോദര്യത്തിന്‍റെ ഒക്കെ ലാസ്റ്റ് ഔട്ട് പോസ്റ്റ് ആണ്. അതു വീണുപോയിക്കൂട. കേരളീയതയെ പരിരക്ഷിച്ചുകൊണ്ടു തന്നെ ഇന്ത്യ എന്ന വികാരത്തെ ശാക്തീകരിക്കാന്‍ കഴിയണം. കേരളത്തിന് ഒരു ഇടതുപക്ഷ മനസുണ്ട്. ആ മനസാണു കേരളത്തിൽ, മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും ജീവിതസാഹചര്യങ്ങളും സൃഷ്ടിച്ചത്. കേരളത്തെ മതസൗഹാര്‍ദം മുതൽ ജീവിത നിലവാരം വരെയുള്ള കാര്യങ്ങളിൽ മാതൃകാ സംസ്ഥാനമാക്കിയത്.
കേരളത്തെ രാജ്യമാകെ ഉറ്റുനോക്കുന്നുണ്ട്. ആ നോട്ടം വലിയ ഉത്തരവാദിത്വം നമ്മിൽ ഏൽപ്പിക്കുന്നുമുണ്ട്. ഒരേ മനസായി നിന്ന് അതു നിർവഹിക്കാന്‍ നമുക്കു കഴിയണം. കൊച്ചു കേരളം എന്നല്ലാതെ മഹത്തായ കേരളം എന്നു പറയാന്‍ ശീലിക്കണം. ചെറിയ ഭാഷ എന്നല്ലാതെ മഹത്തായ ഭാഷ എന്നു പറയാന്‍ ശീലിക്കണം. കേരളത്തിന്‍റെ, മലയാളത്തിന്‍റെ മഹത്വം ആദ്യം നമ്മള്‍ മനസ്സിലുറപ്പിക്കണം. ആ ബോധ്യത്തിലുറച്ചു നിന്നുകൊണ്ട് കേരളീയതയുടെ ഓരോ അംശത്തെയും ഇല്ലാതാക്കുന്നതിനെതിരെ പൊരുതി മലയാളിസമൂഹം എന്ന നിലയ്ക്കുള്ള നമ്മുടെ സ്വത്വം ഉറപ്പിക്കാന്‍, അതിലൂടെ ദേശീയതയെ ശക്തിപ്പെടുത്താന്‍ നമുക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കാഴ്ചപ്പാടോടെയാണ് സാംസ്കാരിക രംഗത്ത് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ തനതുകലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാരെ സംരക്ഷിക്കുന്നതിനും കല അവരുടെ ജീവനോപാധിയാക്കി മാറ്റുന്നതിനും ആവശ്യമായ ഇടപെടലുകളാണ് കഴിഞ്ഞ ഏഴര വര്‍ഷക്കാലയളവിൽ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.