മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേടിടേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേടിടേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒന്നാം പിണറായി സര്‍ക്കാരിന് പ്രകൃതി ദുരന്തങ്ങളെയാണ് നേരിടേണ്ടി വന്നതെങ്കില്‍ രണ്ടാം സര്‍ക്കാരിന് മറ്റ് പല പ്രതിസന്ധികളുമാണ് നേരിടേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം വന്നതു കൊണ്ടാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ഇനി പ്രളയം ഉണ്ടാകില്ലെന്ന് ഓര്‍ക്കണമെന്നും ഒരു പുരോഹിതന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടു. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാക്കുകള്‍ വ്യക്തമാക്കുന്നത്. നമ്മളാരും വീണ്ടു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. നാടാകെ ഒറ്റക്കെട്ടായി നിന്നാണ് അതിനെ അതിജീവിച്ചത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സോദരത്വേന വാഴുന്ന നാടാണ് കേരളം. അത്തരമൊരു നാടിനു മാത്രമേ ഒത്തൊരുമിച്ചു മുന്നേറാന്‍ കഴിയൂ.

2021നു ശേഷം മൂന്നു വര്‍ഷം നാടിനെ ശരിയായ നിലക്ക് മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുള്ളത്. അതില്‍ എന്തൊക്കെ തടസങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ചിലര്‍ നോക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും ഇത്രമാത്രം ക്രൂരമായി അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണ് രാജ്യത്തെ അത്യുന്നത കോടതിയെ സമീപിക്കേണ്ടിവന്നത്. കേരളത്തിന് അര്‍ഹതപ്പെട്ടത് കൊടുക്കേണ്ടേ എന്ന് സുപ്രീംകോടതി വരെ ചോദിച്ചു. അതോടെയാണ് തരില്ല എന്ന സമീപനം തിരുത്താന്‍ കഴിഞ്ഞത്. 2016 മുതല്‍ പ്രകൃതി ദുരന്തങ്ങളാണ് നേരിടേണ്ടിവന്നതെങ്കില്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധികളാണ് പിന്നീട് നേരിടേണ്ടിവന്നത്.

സാമ്പത്തികമായി ഞെരുക്കുകയായിരുന്നു. കഴിയാവുന്ന തടസങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ വലക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യമുണ്ടായി. എന്നാല്‍ അത് അധികകാലം നീളാതെ പരിഹരിക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ മുന്നണികള്‍ ജനങ്ങള്‍ക്കു നല്‍കാറുണ്ട്. പിന്നീട് അത് എത്രകണ്ട് നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടാറില്ല. ഇതിനാണ് 2016ല്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ എത്ര കണ്ട് നടപ്പാക്കിയെന്ന് അറിയാനുളള ജനങ്ങളുടെ അവകാശമാണു പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ സ്ഥാപിക്കപ്പെട്ടത്. ഇതുവരെ കൃത്യമായി റിപ്പോര്‍ട്ട് അവതരിക്കപ്പെട്ടു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു കിട്ടുന്നത്. 600 വാഗ്ദാനങ്ങളില്‍ വിരലിലെണ്ണാന്‍ കഴിയുന്നവ ഒഴിച്ച് ബാക്കിയെല്ലാം പാലിക്കപ്പെടാന്‍ 2016ലെ എൽ.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞു. പല പ്രചാരണങ്ങള്‍ ഉണ്ടായിട്ടും രണ്ടാമതും എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം തിരഞ്ഞെടുത്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിന്റെ അതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടാണ് ജനങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചത്.

മഹാമാരികളെയും പ്രകൃതിദുരന്തങ്ങളെയും മറികടന്നാണ് മുന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആ ഘട്ടത്തില്‍ ലഭിക്കേണ്ട സഹായം ലഭിച്ചില്ല. സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. തളര്‍ന്നിരുന്നു പേകേണ്ട ഘട്ടത്തില്‍ നാം ഒത്തൊരുമിച്ച് അതിനെ അതിജിവിച്ചു. ആ അതിജീവനം ദേശീയ, രാജ്യാന്തര തലത്തില്‍ പ്രശംസിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂര്‍ത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു പ്രോഗ്രസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.

Tags:    
News Summary - The Chief Minister said that no other government had to achieve such brutality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.