പൊലീസിൽ ഇനിയും മാറാത്തവർ ചിലരുണ്ടെന്ന് മുഖ്യമന്ത്രി

വടകര: കേരള പൊലീസ് മികച്ച പ്രവർത്തനങ്ങളിലൂടെ അഭിമാനകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും എന്നാൽ, ഇനിയും മാറാത്തവർ ചിലരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ആളുകളെ ശരിയായ മാർഗത്തിലൂടെ തിരിച്ചുവിടാനുള്ള ശ്രമം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായ പൊതുസമ്മേളനം, വടകര ഇരിങ്ങൽ സർഗാലയയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

108 ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ കാലയളവിൽ പുറത്താക്കേണ്ടിവന്നത്. പൊലീസിനെ മാതൃകാ സേനയായാണ് പൊതുവെ ജനങ്ങൾ വിലയിരുത്തുന്നത്. അങ്ങനെ വരുമ്പോൾ ഉദ്യോഗസ്ഥരുടെ പ്രവർത്തനവും അവർ വിലയിരുത്തും. ചേരാത്തവരുമായി ചങ്ങാത്തം കൂടുകയും സമൂഹത്തിൽ പറ്റാത്തവരുടെ വിരുന്നുകളിൽ പങ്കെടുക്കുകയും ചെയ്യേണ്ടവരല്ല പൊലീസുദ്യോഗസ്ഥർ. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. ഭൂരിപക്ഷം പൊലീസുകാരും നല്ല രീതിയിൽ പോകുമ്പോൾ ചുരുക്കം ചിലരുടെ പ്രവർത്തനം സേനയുടെ മുഴുവൻ അന്തസ്സ് താഴ്ത്താൻ ഇടയാക്കുകയാണ്. ജാഗ്രത വേണം.

കേരള പൊലീസ് വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സേനയിൽ അംഗങ്ങളാകുന്നവർ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയുടെ വ്യാപനമുണ്ടാവുമ്പോൾ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയും.

ക്രമസമാധാനം തകർന്നുവെന്ന് വരുത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി വലിയ ആക്രമണങ്ങൾ പൊലീസ് സംവിധാനം നേരിട്ടു. ആക്രമിച്ചവർ ഉദ്ദേശിച്ചതിലേക്ക് സേന വീഴുന്നില്ല. അതാണ്‌ കേരള പൊലീസിന്റെ പ്രത്യേകത. ആക്രമിച്ചാൽ പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ആക്രമിച്ചവർ കരുതിയത്. അതുവഴി ക്രമസമാധാനം തകർന്നെന്ന് വരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.

നിയമം നിയമത്തിന്റെ വഴിക്ക് കൊണ്ടുപോകാൻ കേരള പൊലീസിന് കൃത്യമായി കഴിയുന്നുണ്ട്. ലഹരി മാഫിയ വലിയ രീതിയിലുള്ള ഇടപെടലാണ് നടത്തുന്നത്. കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടാവണം. ഇക്കാര്യത്തിൽ യുവാക്കളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗം സി.കെ. സുജിത് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, തൃശൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാജ്പാൽ മീണ, കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ. നിധിൻ രാജ്, കെ.പി.എസ്.ഒ.എ സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജുമോൻ, സംസ്ഥാന ജന. സെക്രട്ടറി വി. സുഗതൻ, കെ.പി.എ സംസ്ഥാന ജന. സെക്രട്ടറി ഇ.വി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി.ആർ. ബിജു സ്വാഗതവും ജില്ല സെക്രട്ടറി പി. മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - The Chief Minister said that there are some who have not changed yet in the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.