തിരുവനന്തപുരം: മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. കോവളം ലീല റാവിസില്‍ നടന്ന ചടങ്ങില്‍ മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ദി ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ എന്നിവർ ചേർന്ന് പുരസ്കാരം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. മീഡിയവൺ പത്താം വാർഷികാഘോഷത്തിന്‍റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഫേസ് ഓഫ് കേരളയുടെ ആദ്യ അവാര്‍ഡ് ജേതാവാണ് പിണറായി വിജയന്‍. ചരിത്രം തിരുത്തിയെഴുതിയ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ നേടിയെടുത്ത തുടര്‍ഭരണം, മഹാമാരിയുടെ നാളുകളില്‍ ക്രിയാത്മക നടപടികളിലൂടെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകർന്ന നേതൃത്വം എന്നിവയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
മീഡിയവൺ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ടുവെച്ച 10 പേരില്‍നിന്ന് പ്രേക്ഷകര്‍ നാലുപേരുടെ ചുരുക്കപ്പട്ടിക നിര്‍ദേശിച്ചു. തുടര്‍ന്ന് വിദഗ്ധ പാനലും പ്രേക്ഷകരും ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ 2021ലെ ഫേസ് ഓഫ് കേരളയായി നിശ്ചയിച്ചത്. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ സ്വാഗതവും സി.ഇ.ഒ റോഷൻ കക്കാട്ട് നന്ദിയും പറഞ്ഞു.
എന്റെ മനസ്സ് മീഡിയവണിനൊപ്പം
തിരുവനന്തപുരം: മീഡിയവണിന്റെ നിലപാടുകളിൽ അധികാര വ്യവസ്ഥിതിയുടെ മർദകസംവിധാനങ്ങളോടുള്ള എതിർപ്പിന്റെ കനൽ കാണാമെന്നും ആ നിലപാട് പങ്കുവെക്കുന്ന മനസ്സാണ് തനിക്കും തന്‍റെ പ്രസ്ഥാനത്തിനുമുള്ളതെന്നും മുഖ്യമന്ത്രി പിന്നറായി വിജയൻ. മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ അപ്രീതിക്ക് ഇരയായ സ്ഥാപനം നൽകുന്നതെന്നതിനാലാണ് പുരസ്കാരം സ്വീകരിക്കുന്നത്. എന്നാൽ മീഡിയവണിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല. വിയോജിപ്പുകളൊന്നും മതനിരപേക്ഷതക്ക് വേണ്ടി യോജിക്കുന്നതിന് തടസ്സമല്ല. മീഡിയവൺ വിലക്ക് വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പിന്തുണച്ചിട്ടുണ്ട്. ഇനിയും അങ്ങനെതന്നെയാകും. കേരളത്തിന്റെ മുഖം താനാണെന്ന് കരുതുന്നില്ല. നിപ രോഗികളെ പരിചരിച്ച് രോഗമേറ്റുവാങ്ങി മരണം വരിച്ച നഴ്സ് ലിനി, ഓടയിൽ വീണയാളെ രക്ഷിക്കാനിറങ്ങി ജീവൻ ത്യജിച്ച നൗഷാദ് തുടങ്ങിയവരാണ് കേരളത്തിന്റെ യഥാർഥ മുഖങ്ങൾ. പുരസ്കാരം അവർക്കും മുഴുവൻ കേരളീയർക്കും സമർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി തുടർന്നു.
എല്ലാ ശരിയാക്കാമെന്ന് പ്രതീക്ഷ നൽകുന്നതിന് പകരം പഠിച്ചിട്ട് ചെയ്യാവുന്നത് ചെയ്യുകയെന്ന പ്രവർത്തന ശൈലിയാണ് പിണറായി വിജയനെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. പ്രളയകാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കേരളത്തിന് നൽകിയ നേതൃത്വം യഥാർഥ ക്രൈസിസ് മാനേജരുടേതാണെന്ന് ദി ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ പറഞ്ഞു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള മാധ്യമപ്രവർത്തനം അപകടകരമായി മാറിയ സാഹചര്യമാണെന്നും ഈ വിഷയത്തിൽ മീഡിയവണിന് മുഖ്യമന്ത്രി നൽകുന്ന പിന്തുണ എടുത്തുപറയേണ്ടതാണെന്നും മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.