തിരുവനന്തപുരം: ഇത്തവണത്തെ ഓണം വാരാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയവും പുതുമയുള്ളതുമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടന്ന് സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ ഓണാഘോഷ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് വൈകീട്ട് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് മന്ത്രിമാരും പങ്കെടുക്കും. മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവ് അപര്‍ണ ബാലമുരളി, നടൻ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.32 വേദികളിലായുള്ള ഏഴ് ദിവസത്തെ പരിപാടികളില്‍ 8000 കലാകാരന്മാര്‍ പങ്കെടുക്കും. ഇതില്‍ 4000 പേര്‍ പാരമ്പര്യ കലാകാരന്മാരാണ്. ഓണം വാരാഘോഷത്തോടനുബന്ധിച്ചുള്ള ഫുഡ് ഫെസ്റ്റിവല്‍ മന്ത്രി ജി.ആര്‍. അനിലും ട്രേഡ് ഫെയര്‍ ഉദ്ഘാടനം ഗതാഗതമന്ത്രി ആന്‍റണി രാജുവും നിര്‍വഹിച്ചു.
സാധാരണയായി കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള വൈദ്യുതി ദീപാലങ്കാരം ഇത്തവണ വെള്ളയമ്പലത്തുനിന്ന് ശാസ്തമംഗലത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കോവളത്തും വൈദ്യുതി ദീപാലങ്കാരമുണ്ടായിരിക്കും.കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന്‍റെ മാറ്റുകൂട്ടും. ഇക്കൊല്ലം രണ്ട് പുതിയ വേദികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് -കോവളത്തെ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവയാണിവ.
കൈരളി ടി.വിയുടെ ആഭിമുഖ്യത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമിടോമി എന്നിവര്‍ നയിക്കുന്ന ഗാനമേള അരങ്ങേറും. പിന്നണി ഗായകര്‍ വിവിധ വേദികളില്‍ അണിനിരക്കും. നര്‍ത്തകരായ നവ്യ നായര്‍, പാരീസ് ലക്ഷ്മി എന്നിവരുടെ നൃത്തങ്ങള്‍ക്കും തലസ്ഥാനനഗരം സാക്ഷ്യംവഹിക്കും. തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡും അഗം ബാന്‍റും നിശാഗന്ധിയിലെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. ഗായിക സിതാരയുടെ ഗാനമേള, രമേഷ് നാരായണന്‍ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷന്‍ എന്നിവ കഴക്കൂട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും.
മാതൃഭൂമി, മാധ്യമം, കേരള കൗമുദി, ജീവന്‍ ടി.വി, എ.സി.വി എന്നീ മാധ്യമസ്ഥാപനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ ദിവസങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും. മറ്റ് ജില്ലകളിലും ഓണം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടിയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.