തിരുവനന്തപുരം: സംസ്ഥാന ഭരണത്തെ പുകഴ്ത്തി ശശി തരൂർ നൽകുന്ന ഷോക്കിൽനിന്ന് കരകയറാനാകാതെ സംസ്ഥാന കോൺഗ്രസും യു.ഡി.എഫും. യു.പി മുഖ്യമന്ത്രിയെ വിമർശിക്കാൻ കേരള സർക്കാറിനെ തരൂർ അഭിനന്ദിച്ചതാണ് സംസ്ഥാന കോൺഗ്രസിന് പുതിയ തലവേദനയായത്. മുന്നണിയെയും പാർട്ടിയെയും കുടുക്കിലാക്കുന്ന തരൂരിെൻറ നിലപാട് ഒന്നിന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും ചർച്ചയാകാനിടയുണ്ട്.
തരൂരിെൻറ നിലപാടുകളെ ശക്തമായി എതിർക്കുന്ന നേതാക്കളുടെ എണ്ണം രാഷ്ട്രീയകാര്യ സമിതിയിൽ ഏറെയാണ്. അതിനാൽ തരൂരിനെതിരെ ഹൈകമാൻഡിന്റെ ഇടപെടലും ശക്തമായ നടപടിയും വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കാം.
സിൽവർ ലൈൻ വിഷയത്തിലാണ് യു.ഡി.എഫ് നിലപാടിനോട് തരൂർ ആദ്യം വിയോജിച്ചത്. യു.ഡി.എഫ് എം.പിമാർ കേന്ദ്രസർക്കാറിന് നൽകിയ നിവേദനത്തിൽ ഒപ്പിടാൻ പോലും അദ്ദേഹം തയാറായില്ല. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രിയെ പിന്തുണക്കുകയും ചെയ്തു. സംസ്ഥാന കോൺഗ്രസ് നേതൃത്വം തുടക്കത്തിൽ ഗൗരവമായി കണ്ടില്ലെങ്കിലും മാധ്യമങ്ങളിൽ ചർച്ചയായതോടെ അതിന് മാറ്റം വന്നു. സിൽവർ ലൈൻ വിഷയത്തെപ്പറ്റി പഠിച്ച യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോർട്ടിെൻറ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയ കുറിപ്പ് തരൂരിന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈമാറി. ഇതോടെ, തരൂരിന് കാര്യങ്ങൾ ബോധ്യമായെന്നാണ് പ്രതിപക്ഷ നേതാവിെൻറ അവകാശവാദം. എങ്കിലും തരൂരിെൻറ നിലപാട് പ്രതിപക്ഷത്ത് വരുത്തിവെച്ച ആഘാതം ചില്ലറയല്ല. കോവിഡ് പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയുണ്ടായെന്ന വികാരം സമൂഹത്തിൽ വളർത്താൻ നേരിയ തോതിലെങ്കിലും പ്രതിപക്ഷ പ്രചാരണത്തിലൂടെ സാധിച്ചിരുന്നു.
മരണക്കണക്കുകളിലെ പിഴവും പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയുമാണ് പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കിയത്. അതിനിടെയാണ് കഴിഞ്ഞദിവസം ദേശീയ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തിയത്. ഇതുസംബന്ധിച്ച പ്രഖ്യാപനത്തിനു പിന്നാലെ, കേരളത്തിെൻറ നേട്ടം ഉയർത്തിക്കാട്ടി യു.പി മുഖ്യമന്ത്രിക്കെതിരെ ശശി തരൂർ വീണ്ടും രംഗത്തെത്തി. സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിൽനിന്ന് യു.പി മുഖ്യമന്ത്രി പഠിക്കണമെന്നാണ് തരൂരിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.