തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കൾക്ക് വീട് നൽകുന്ന നടപടികളിലേക്ക് കടക്കാൻ മന്ത്രി എം.ബി. രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങൾ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവർഗ-മത്സ്യത്തൊഴിലാളിമേഖലക്കും അതിദരിദ്രരായി സർക്കാർ കണ്ടെത്തിയവർക്കും മുൻഗണന നൽകും. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേർക്കും.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിലാണ് തീരുമാനം. ലൈഫ് മിഷൻ നിർമിച്ച നാല് ഭവനസമുച്ചയങ്ങൾ ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് കൈമാറും. ഈ സാമ്പത്തിക വർഷം 1,06,000 വീട് നിർമിക്കലാണ് ലക്ഷ്യം. പട്ടികവർഗ സങ്കേതങ്ങളിൽ വീടുവെക്കുന്ന പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ആറ് ലക്ഷം രൂപയാണ് ധനസഹായം. മറ്റുള്ളവർക്ക് നാല് ലക്ഷം രൂപയാണ് നൽകുന്നത്. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടാണ് പൂർത്തിയായത്. ലൈഫിന്റെ ഒന്നാം ഘട്ടത്തിൽ പേരുള്ള, ഇനിയും കരാറിൽ ഏർപ്പെടാത്ത ഭൂമിയുള്ള ഭവനരഹിതർ 4360 ആണ്. തീരദേശ പരിപാലന മേഖല, തണ്ണീർത്തട പ്രശ്നങ്ങൾ മൂലം കരാറിലെത്താത്തവരുടെ വിഷയം ജില്ല കലക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കും.
ഭൂമിയുടെ ഉടമസ്ഥത പ്രശ്നങ്ങൾ മൂലമോ താൽപര്യമില്ലാത്തതിനാലോ കരാറിൽ ഏർപ്പെടാത്തവരുടെ വിശദാംശങ്ങൾ പഠിച്ച് കരാറിലെത്താനോ ലിസ്റ്റിൽനിന്ന് ഒഴിവാക്കാനോ നടപടി സ്വീകരിക്കും. 'മനസോടിത്തിരി മണ്ണ്' പദ്ധതിയിലൂടെ ലഭിച്ച സ്ഥലം ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.