വടകര: വായന കൈവിട്ടുപോയതിന്റെ ദുരന്തങ്ങൾക്കാണ് വർത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് സാഹിത്യ നിരൂപകൻ കെ.വി. സജയ്. മണിയൂർ ജനത ലൈബ്രറി പ്രസിദ്ധീകരിച്ച പി.ബി. മണിയൂരിന്റെ സമ്പൂർണ കൃതികൾ ചരിത്ര ഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു.
വാത്മീകി രാമായണം വായിച്ചവർ രാമനെ ഒരു കഥാപാത്രമായി മാത്രം കാണുമ്പോൾ അത് വായിക്കാത്തവരാണ് രാമനെ വിഗ്രഹമായിക്കാണുന്നത്. ധാരാളമായി വായിക്കുകയും എഴുതുകയും ചെയ്തിരുന്ന പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു. ഇന്നത്തെ പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതൃത്വം വായനയിൽനിന്ന് അകന്നുപോയതുകൊണ്ടാണ് വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള തീരുമാനങ്ങളെടുക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും അവർക്ക് കഴിയുന്നതെന്ന് സജയ് പറഞ്ഞു. മോദി എത്ര പുസ്തകം വായിച്ചു എന്നതറിയില്ല.
രാമായണം മുഴുവൻ അദ്ദേഹം വായിച്ചതായി അറിയില്ലെന്നും സജയ് കൂട്ടിച്ചേർത്തു. ലൈബ്രറി പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു.
ബി. സുരേഷ് ബാബു, മനോജ് മണിയൂർ, ടി.വി. ചന്ദ്രശേഖരൻ, പുതിയെടുത്ത് ബാലൻ, എം. ജനാർദനൻ, പി.എം. മുകുന്ദൻ, അഡ്വ. ഇ.പി. ബിജു, വി.എം. കണ്ണൻ, എ. അശോകൻ, ബി. സുദീപ് എന്നിവർ സംസാരിച്ചു. വി. ബാലകൃഷ്ണൻ സ്വാഗതവും പി.കെ. ശ്രീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.