അടക്ക മോഷ്ടിച്ചെന്നാരോപിച്ച് കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി

കാസർകോട്: ബന്ധുവിനെ വനത്തിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. അഡൂർ വെള്ളക്കാനയിലെ സുധാകരൻ എന്നു വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ഗണപ്പനായക്ക് കുറ്റക്കാരനെന്ന് കാസർകോട് അഡീഷനൽ ജില്ല ആൻഡ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ. മനോജാണ് കണ്ടെത്തിയത്. അഡൂർ കാട്ടിക്കജെ മാവിനടി എന്ന സ്ഥലത്തു താമസിക്കുന്ന ചിതാനന്ദനെ 2019 ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ടുമണിയോടെ അഡൂർ സംരക്ഷിത വനത്തിൽപെട്ട ഐവർക്കുഴിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് കേസ്. ഫെബ്രുവരി ആറിന് വൈകിട്ട് ആറര മണിക്ക് സംഭവസ്ഥലത്തുവെച്ച് പ്രതി ചിതാനന്ദനെ കഴുത്ത് ഞെരിച്ചും തലയിൽ കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും കൊല്ലപ്പെട്ടുകിടക്കുന്നതു കണ്ടതിന്റെ തലേ ദിവസം കൊല്ലപ്പെട്ട ചിതാനന്ദനെയും പ്രതിയെയും ഒരുമിച്ചു കണ്ട സാഹചര്യവുമാണ് കേസ് തെളിയാൻ സഹായിച്ചത്. ഐവർ കുഴിയിൽ ദിനേശൻ, നാഗേഷ് എന്നിവരാണ് ചിതാന്ദനെയും ഗണപ്പനായക്കിനെയും ഒരുമിച്ചുകണ്ടത്. ഇവരുടെ മൊഴികളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ചിതാനന്ദൻ്റെ രക്തം പുരണ്ട പ്രതിയുടെ തോർത്തും പ്രതിയുടെ ദേഹത്ത് കണ്ട പരിക്കുകളും കേസിൽ നിർണായക തെളിവുകളായി.

പ്രതിയായ ഗണപ്പനായക്ക് മുമ്പ് മറ്റൊരു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലിൽനിന്ന് ഇറങ്ങി ഒന്നര വർഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ചിതാനന്ദൻ പ്രതിയുടെ കവുങ്ങിൻ തോട്ടത്തിൽ നിന്ന് അടക്കമോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം. കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ആദൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് എം.എ. മാത്യു, എ.വി. ജോൺ എന്നീ പൊലിസ് ഇൻസ്പെക്ടർമാരും അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ആയിരുന്ന കെ. പ്രേംസദനുമാണ്. പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ: പ്ലീഡർ ആൻഡ് പബ്ലിക് പ്രൊസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി. കേസിൽ കോടതി ഇന്ന്(8) വിധി പറയും

Tags:    
News Summary - The court found the accused guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.