തിരുവനന്തപുരം: അപകടത്തിൽ മരിച്ച സംഗീതജ്ഞൻ ബാലഭാസ്‌കറിന്‍റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കാത്തതിൽ സംശയം പ്രകടിപ്പിച്ച് കോടതി. കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ എന്തുകൊണ്ട് ബാലഭാസ്കറിന്‍റെ മൊബൈൽ ഫോണിന്‍റെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ഉൾപ്പെടുത്തിയില്ലെന്നായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. രേഖയുടെ ചോദ്യം. സി.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ ഇതെന്നും കോടതി ആരാഞ്ഞു. എന്നാൽ, മൊബൈൽ ഫോണിലെ തെളിവുകളുടെ ആവശ്യകത ഇല്ലായിരുന്നെന്ന് സി.ബി.ഐ മറുപടി നൽകി. സി.ബി.ഐയുടെ ഈ വാദം തള്ളിയ കോടതി പരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകി.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ മാതാപിതാക്കളായ ശാന്തകുമാരിയും ഉണ്ണിയും ചലച്ചിത്രതാരം സോബിയും സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി വ്യാഴാഴ്ച വിധി പറയാൻ കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ ഇടപെടൽ. കേസിലെ നിർണായക തെളിവുകൾക്കുമേൽ സി.ബി.ഐ കണ്ണടച്ചതായി ഹരജിക്കാർ കോടതിയിൽ വാദിച്ചിരുന്നു. കുറ്റകൃത്യം വ്യക്തമാക്കാനാകുന്ന നിർണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി, സി.ബി.ഐ നടത്തിയ നുണപരിശോധന നിയമപരമല്ല, നുണ പരിശോധന ഫലം തെളിവായി സ്വീകരിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട് എന്നീ കാര്യങ്ങൾ ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിലെ ഏക പ്രതിയും ബാലഭാസ്കറിന്‍റെ ഡ്രൈവറുമായ അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. എന്നാൽ, ബാലഭാസ്കറിന്‍റേത് ആസൂത്രിത കൊലപാതകമാണെന്നാണ് ഹരജിക്കാരുടെ പരാതി. 2019 സെപ്റ്റംബർ 25ന് പുലർച്ചയുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റിരുന്നു.
തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്തായിരുന്നു അപകടം. സ്വർണക്കടത്ത് സംഘങ്ങളുടെ പങ്ക് കേസിൽ ആരോപിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.