മുഖ്യമന്ത്രിക്കു കിട്ടിയ 52 വെട്ടാണ് കോടതി വിധി -കെ.എം. ഷാജി

കോഴിക്കോട്: തനിക്ക് അനുകൂലമായ കോടതിവിധി ജനാധിപത്യത്തിന്‍റെ വഴിയിൽ മുഖ്യമന്ത്രിക്കു കിട്ടിയ 52 വെട്ടാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഭരണകൂടം വേട്ടയാടുന്ന ഒരുപാടു പേർക്ക് ആശ്വാസമാണ് ഈ വിധി. അത്രമേൽ ദുർബലമായ കേസിന്‍റെ പേരിലാണ് താൻ വേട്ടയാടപ്പെട്ടത്. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിൽ നിയമനടപടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കെ.എം. ഷാജി വാർത്തസമ്മേളനം നടത്തിയത്.

കോവിഡ് കാലത്ത് സകാത്തിന്‍റെ പൈസ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർഥനയെ എതിർത്ത് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അന്നുമുതലാണ് മുഖ്യമന്ത്രി തന്നെ വേട്ടയാടാൻ ആരംഭിച്ചത്. ദുരിതാശ്വാസനിധിപോലെ വിശ്വാസയോഗ്യമല്ലാത്ത ഒന്നിലേക്ക് സംഭാവന ചെയ്യരുതെന്ന് പറഞ്ഞതായിരുന്നു പ്രകോപനത്തിന് കാരണം. റമദാൻ മാസത്തിൽ തനിക്കെതിരെ എടുത്ത കേസ് മറ്റൊരു റമദാൻ മാസത്തിൽതന്നെ ഒഴിവായത് പുണ്യംകൊണ്ടാണെന്നും ലീഗ് ഹൗസിൽ മാധ്യമപ്രവർത്തകരോട് കെ.എം. ഷാജി പറഞ്ഞു.

മൂന്നു വർഷത്തോളം തന്നെ നിരന്തരം വേട്ടയാടി. മാനം തകർക്കാൻ ശ്രമിച്ചു. കേസ് നടത്തി കൈയിലെ പൈസ പോയി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തനിക്കെതിരെ കേസ് ഫയൽ ചെയ്തത്. മണ്ഡലത്തിൽ തനിക്കെതിരെ സി.പി.എം നിരന്തരം അസത്യപ്രചാരണം നടത്തിയാണ് കെ.വി. സുമേഷ് ജയിച്ചത്. അദ്ദേഹം രാജിവെക്കണമെന്ന് പറയുന്നില്ലെങ്കിലും ലേശം ഉളുപ്പുണ്ടെങ്കിൽ ഈ അവസരത്തിൽ മാപ്പുപറയാനുള്ള മാന്യതയെങ്കിലും കാണിക്കണം. മണ്ഡലത്തിൽ നടത്തിയ അസത്യപ്രചാരണത്തിൽ ചിലരെങ്കിലും വീണുപോയതിനാലാണ് ചെറിയ മാർജിനിൽ തോറ്റത്.

കേസ് അന്വേഷിക്കാൻ കേരളത്തിലേക്ക് ഇ.ഡിയെ വിളിച്ചുവരുത്തുകയായിരുന്നു വിജിലൻസ്. മുൻ എസ്.എഫ്.ഐ പ്രവർത്തകനായ ഉദ്യോഗസ്ഥൻ തന്നെയും ഭാര്യയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു. പിണറായി വിജയനുവേണ്ടി സമ്മർദം ചെലുത്തി. പിണറായി വിജയനുമായി രമ്യതയിൽ പോകണമെന്ന് നിരവധി തവണ പറഞ്ഞു. താൻ ഇഞ്ചികൃഷി ചെയ്ത കാര്യം പറഞ്ഞപ്പോൾ കഞ്ചാവുകൃഷി ചെയ്തതുപോലെയാണ് ഡി.വൈ.എഫ്.ഐക്കാർ പെരുമാറിയത്. കേസില്‍ പണം വാങ്ങി എന്നു പറയുന്ന സര്‍ക്കാര്‍ ജോലിക്കാരനെക്കുറിച്ച് അന്വേഷിക്കണം -ഷാജി പറഞ്ഞു.

Tags:    
News Summary - The court verdict is 52 cuts to the Chief Minister - K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT