സി.പി.എം-സി.പി.ഐ തുറന്ന ഏറ്റുമുട്ടലിലേക്ക്, പത്തനംതിട്ടയിൽ എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിക്കും

പത്തനംതിട്ട: കൊടുമണ്ണിൽ പാർട്ടി നേതാക്കളെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ നടപടി എടുക്കാത്തതിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്ത്. ജില്ലയിലെ എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിക്കാൻ സി.പി.ഐ തീരുമാനിച്ചു. പ്രശ്നത്തിന് പരിഹാരം കാണാതെ എൽ.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കേണ്ടെന്നാണ് സി.പി.ഐ തീരുമാനം. സി.പി.ഐ നേതാക്കളെ മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പാർട്ടിതല നടപടി വൈകുന്നതാണ് സി.പി.ഐ ചൊടിപ്പിച്ചത്.

കൊടുമൺ-അങ്ങാടിക്കൽ പ്രദേശത്ത് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന ഏതാനും പ്രവർത്തകർ അടുത്തിടെ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് അങ്ങാടിക്കൽ തെക്ക് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകാത്തതും സി.പി.ഐ-സി.പി.എം ബന്ധം വഷളാക്കുന്നതിനിടയാക്കി.

വർഷങ്ങളായി സി.പി.എം ഭരിക്കുന്ന ബാങ്കാണിത്. നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതിനാൽ സീറ്റ് നൽകാൻ കഴിയില്ലെന്ന് സി.പി.എം നേതൃത്വം അറിയിച്ചതോടെയാണ് സി.പി.ഐ സ്വന്തം സ്ഥാനാർഥികളെ നിർത്തിയത്. ഇതിന് പിന്നാലെ യുവജന സംഘടന നേതാക്കൾ തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളികളും നടന്നിരുന്നു.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം സി.പി.എം കള്ളവോട്ട് ചെയ്യുന്നതായി ആരോപിച്ചുണ്ടായ വാക്കേറ്റമാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്​. സി.പി.ഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് മെംബർ ഉദയകുമാർ എന്നിവരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടുറോഡിലിട്ട് അതിക്രൂരമായി മർദിച്ചത്. കല്ലേറിലും മർദനത്തിലും ഇരുവിഭാഗത്തിലുമുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അന്ന് രാത്രി അങ്ങാടിക്കൽ വടക്ക്, ഐക്കാട് പ്രദേശങ്ങളിൽ സി.പി.ഐ നേതാക്കളുടെ വീടിന് നേരെയും അക്രമം നടന്നു.

സി.പി.എം നടത്തിയ ആക്രമണത്തിൽ പ്രതികളെ പൊലീസ് പിടികൂടാത്തതിനെതിരെ സി.പി.ഐ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. സി.പി.ഐ പ്രവർത്തകർക്കെതിരെ മാത്രം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തത് പൊലീസിന്‍റെ ഏകപക്ഷീയ നടപടിയാണെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു.

ഇതുസംബന്ധിച്ച് സി.പി.ഐ നേതാക്കൾ അടൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോൾ പൊലീസ് തടഞ്ഞത് ഏറെനേരം വാക്കേറ്റത്തിനും ഇടയാക്കി. കൊടുമണ്ണിൽ വീട് ആക്രമിച്ച സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞത്.

തുടർന്ന് ഇരുപാർട്ടികളുടെ സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടുകയും സി.പി.ഐ നേതാക്കളെ മർദിച്ചവർക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കുമെന്ന് സി.പി.എം നേതാക്കൾ ഉറപ്പുനൽകി. എന്നാൽ, ഇതുവരെ നടപടി സ്വീകരിക്കാത്തതാണ് എൽ.ഡി.എഫ് ബഹിഷ്കരണത്തിലേക്ക് കടക്കാനുള്ള സി.പി.ഐ തീരുമാനത്തിൽ എത്തിച്ചത്. 

Tags:    
News Summary - The CPI will boycott ldf programs in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.