തിരുവനന്തപുരം: എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിശ്വാസ്യത വേണമെന്ന് അവർക്ക് നിർബന്ധമില്ല. അതിന് വിശ്വാസ്യത നൽകലല്ല തന്റെ പണിയെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജലീൽ വിഷയത്തിൽ മുഖ്യമന്ത്രിക്കൊപ്പമാണ് പാർട്ടിയുള്ളതെന്ന സൂചനയാണ് എ. വിജയരാഘവൻ നൽകുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഇ.ഡി അന്വേഷിക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ജലീലിനെ ഇ.ഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇ.ഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.