ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ച കാണാനായില്ല, തുറന്ന് സമ്മതിച്ച് സി.പി.എം

കണ്ണൂർ: ബി.ജെ.പി രാഷ്ട്രീയമായി വളരുന്ന ചില തെക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ആ കക്ഷിയുടെ ഭീഷണിയുടെ ആഴം മനസ്സിലാക്കുന്നതിൽ സംസ്ഥാന ഘടകങ്ങൾക്ക് വീഴ്ചവന്നുവെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് നിശ്ചയിച്ച ലക്ഷ്യങ്ങളിൽ പലതും ഏറ്റെടുക്കാൻ കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് സ്വയം വിമർശനാത്മകമായി റിപ്പോർട്ടിൽ സമ്മതിക്കുന്നു.

ബി.ജെ.പി അവർക്ക് സ്വാധീനമില്ലാത്ത ചില സംസ്ഥാനങ്ങളിൽ വളരുമ്പോൾ അതേക്കുറിച്ച് സി.പി.എം സംസ്ഥാന ഘടകങ്ങൾ ഒട്ടും ബോധവാന്മാരല്ല. തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് സംഭവിക്കുന്നുവെന്ന് പി.ബി സമ്മതിക്കുന്നു. ബി.ജെ.പിയുടെ സാധ്യതകളെക്കുറിച്ചും ബോധവാന്മാരല്ലാതെ അവിടങ്ങളിലെ പ്രാദേശിക കക്ഷികൾക്ക് എതിരെയാണ് സി.പി.എം മത്സരിക്കുന്നതും പോരാടുന്നതും. അതേസമയം, ഹിന്ദുത്വവർഗീയതയുടെ യഥാർഥമുഖം നേരിട്ട് കാണുന്ന ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ സംസ്ഥാനഘടകങ്ങൾ ബി.ജെ.പിക്ക് എതിരായ നിലപാട് എടുക്കുന്നുവെന്നും വ്യക്തമാക്കുന്നു. ഈ പ്രവണത കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടുവെന്ന് മുതിർന്ന പി.ബി അംഗം പ്രകാശ് കാരാട്ട് വൈകീട്ട് വാർത്തസമ്മേളനത്തിൽ സ്ഥിരീകരിച്ചു. അതേസമയം, ശനിയാഴ്ച രാവിലെ സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് കേരളഘടകം നടത്തിയത്. പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങൾ ഒരുകാലത്ത് പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കോട്ടയായിരുന്നുവെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. പക്ഷേ, ഇത്രകാലമായിട്ടും ഈ രണ്ട് സംസ്ഥാനങ്ങളിലെയും സംഘടനാപരവും രാഷ്ട്രീയവുമായ തിരിച്ചടി മറികടക്കാൻ പി.ബിയും പാർട്ടി സെന്ററും എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. പുതുതായി അംഗങ്ങളെ ചേർക്കാൻപോലും കഴിഞ്ഞില്ല. ബംഗാളിലെ പാർട്ടി അംഗത്വം ഓരോ പാർട്ടി കോൺഗ്രസ് കഴിയുമ്പോഴും കീഴോട്ടുപോവുകയാണ്. വിദ്യാർഥി സംഘടനാരംഗത്ത് എസ്.എഫ്.ഐയുടെ പ്രവർത്തനത്തിലും കേന്ദ്ര നേതൃത്വത്തിന് ശ്രദ്ധിക്കാനായില്ല. കോവിഡ് കാരണം കോളജുകൾ അടഞ്ഞുകിടന്നുവെന്നത് ഒരു ഒഴിവല്ല. വീട്ടിൽ പോയെങ്കിലും വിദ്യാർഥികളെ തേടിപ്പിടിച്ച് അംഗത്വം വിതരണം ചെയ്യുകയായിരുന്നു വേണ്ടത്. വാർത്തസമ്മേളനങ്ങളിലും വാർത്താക്കുറിപ്പുകളിലും മാത്രമായി പ്രവർത്തനം ഒതുങ്ങി എന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന്റെ അംഗത്വത്തിൽ ഈ നാല് വർഷത്തിനിടയിൽ വലിയ ഇടിവ് സംഭവിച്ചുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. പാർട്ടി സെൻററായ എ.കെ.ജി ഭവനിൽ 2018ൽ 93 അംഗങ്ങളുണ്ടായിരുന്നത് 2021ൽ 90 ആയി ചുരുങ്ങി. പാർട്ടി അംഗത്വം പുതുക്കുന്നത് മാർച്ച് മാസത്തിലാണ്. 2020ൽ കോവിഡ് കാരണം അത് നടന്നില്ല. കാരണങ്ങളിൽ ഒന്ന് അതാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചുമതലപ്പെടുത്തിയ കാര്യങ്ങൾ നിർവഹിക്കുന്നതിൽ പി.ബിക്കും പാർട്ടി സെൻററിനും വീഴ്ച സംഭവിച്ചത് ദൗർബല്യം മൂലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

'പോംവഴി വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടം മാത്രം'

കണ്ണൂർ: ബംഗാളിൽ ബി.ജെ.പിയും ടി.എം.സിയും ത്രിപുരയിൽ ബി.ജെ.പിയും അഴിച്ചുവിടുന്ന അടിച്ചമർത്തലിനെ നേരിട്ട് മാത്രമേ ഈ രണ്ട് സംസ്ഥാനങ്ങളിലും പാർട്ടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കാൻ കഴിയൂ എന്ന് സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിന്റെ ഗുണപരതയിൽ ശ്രദ്ധിക്കണം. എങ്ങനെ ഇവിടങ്ങളിൽ പാർട്ടിയെ വീണ്ടും പുനഃസംഘടിപ്പിക്കാൻ കഴിയുമെന്നതിലാവണം ശ്രദ്ധ. ചെറുപ്പക്കാരായവരെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കാൻ സാധിക്കണം. ബി.ജെ.പി-ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രപരവും സമഗ്രാധിപത്യപരവുമായ നടപടികൾക്ക് എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാതെ ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.

Tags:    
News Summary - The CPM openly admits that it has not seen the political growth of the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.