കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും സി.പി.എമ്മിന് ബി.ജെ.പിയെ തകർക്കാനാവില്ല -കെ. സുരേന്ദ്രൻ

കോൺഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണം എന്ന സി.പി.എമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പാർട്ടി കോൺഗ്രസ് പറയുന്നത് മുഖ്യ ശത്രു ബി.ജെ.പിയാണെന്നാണ്. എന്നാൽ ബംഗാളിലെ അണികളെ പോലും സി.പി.എമ്മിന് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല.

മമത ബാനർജിയുടെ ഗുണ്ടകളിൽ നിന്നും രക്ഷപ്പെടാൻ അവർ എത്തുന്നത് ബി.ജെ.പി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബി.ജെ.പി മാറി കഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാർട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളിൽ ബി.ജെ.പി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവൻ അടക്കി ഭരിച്ച കോൺഗ്രസ് ഇന്ന് തകർന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാർട്ടികൾ ഇന്ന് കേരളത്തിൽ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയർത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി സ്ഥാപനദിനത്തോട് അനുബന്ധിച്ച് വഴുതക്കാട് നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.സുരേന്ദ്രൻ നേതൃത്വം നൽകി. പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാവ് ഒ.രാജഗോപാൽ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തത് വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ കെ-റെയിലിനെ കുറിച്ചുള്ള മെട്രോമാൻ ഇ.ശ്രീധരൻ, കെ.പി ശ്രീശൻ എന്നിവരുടെ പുസ്തകങ്ങൾ കെ.സുരേന്ദ്രൻ മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻ പിള്ള എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. കുമ്മനം രാജശേഖരൻ, കെ.രാമൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.ശിവൻകുട്ടി, പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ, ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - The CPM will not be able to defeat the BJP even if it contests with the Congress -k Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.