മലപ്പുറത്തെ പള്ളികളിലെ നിയന്ത്രണം; തീരുമാനത്തിൽ നിന്ന്​ കലക്​ടർ പിൻമാറരുതെന്ന്​ നടി പാർവതി തിരുവോത്ത്​

കോവിഡ് സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് പിന്‍വലിക്കരുതെന്ന ആവശ്യവുമായി നടി പാര്‍വതി തിരുവോത്ത്​. വിഷയത്തില്‍ വിവിധ മതസംഘടനകള്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ ഉത്തരവ്‍ പുനപരിശോധിക്കാമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പാര്‍വതി പ്രതികരണവുമായി രംഗത്തുവന്നത്.


'മനുഷ്യ ജീവൻ രക്ഷിക്കുക എന്ന പ്രഥമിക കർത്തവ്യത്തിൽ നിന്ന്​ ഒരു മതവിഭാഗത്തിനും ഒഴിഞ്ഞുമാറാനാകില്ല. കോവിഡിന്‍റെ ഭീകരമായ രണ്ടാം തരംഗമാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുന്‍ തീരുമാനം മലപ്പുറം കലക്ടര്‍ മാറ്റില്ലെന്ന്​ ഞാന്‍ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യങ്ങൾ ചെയ്യൂ'-പാര്‍വതി ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസില്‍ കുറിച്ചു. മലപ്പുറം കലക്ടറുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ടാഗ് ചെയ്ത് കൊണ്ടാണ് പാര്‍വതി പഴയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


അതേസമയം മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണ ഉത്തരവില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച സ്വീകരിക്കുമെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. നേരത്തെ തൃശൂര്‍ പൂരം ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്നതിലും പാർവതി എതിർത്തിരുന്നു.

വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലാണ് ലോക്ഡൗൺ കാലത്തിന് സമാനമായ നിയന്ത്രണം കലക്​ടർ ഏർപ്പെടുത്തിയത്​. ചർച്ച നടത്തിയതിന്​ ശേഷമാണ്​ തീരുമാനമെന്ന്​ കലക്​ടർ പറഞ്ഞെങ്കിലും ഇക്കാര്യം മതനേതാക്കളും ജനപ്രതിനിധികളും നിഷേധിച്ചിരുന്നു. തീരുമാനം അറിയില്ലെന്നും ഏകപക്ഷീയമായി എടുത്തതാണെന്നുമാണ് അവർ പറയുന്നത്​. തുടർന്ന്​ മുസ്​ലിം സംഘടനകൾ സംയുക്​ത പ്രസ്​താവനയും ഇറക്കി. മുസ്​ലിം ലീഗ്​ നേതാക്കളായ കെ.പി.എ മജീദ്​, സാദിഖലി തങ്ങൾ എന്നിവരും തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചു ചേർത്ത ഒാൺലൈൻ യോഗത്തിൽ പെങ്കടുത്ത ജനപ്രതിനിധികളായ ഇ.ടി മുഹമ്മദ്​ ബഷീർ, ടി.വി ഇബ്രാഹീം എന്നിവരും ഇങ്ങനെ ഒരു തീരുമാനം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്​ എടുത്തതെന്ന്​ മാധ്യമങ്ങളെ അറിയിച്ചു.

കലക്ടർ ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചെങ്കിലും ആരാധാനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കണമെന്ന നിർദേശമാണ്​ ജനപ്രതിനിധികൾ മുന്നോട്ടു​ വെച്ചത്​.​ കോവിഡ്​ കേസുകൾ മലപ്പുറത്തേക്കാൾ കൂടുതലുള്ള ജില്ലകളിൽ പോലുമില്ലാത്ത നിയന്ത്രണങ്ങളാണ്​ മലപ്പുറത്ത്​ മാത്രമായാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. റമദാനി​െല രാത്രി നമസ്​കാരത്തിന്​ പ്രത്യേക അനുമതി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതിന്​ ശേഷം ജില്ല കലക്​ടർ എങ്ങനെയാണ്​ ഇങ്ങനെയൊരു തീരുമാനമെടുക്കുകയെന്നാണ്​ സംഘടനകൾ ചോദിക്കുന്നത്​. ​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.