ലീഗിൽ നിലപാട് ഭിന്നത രൂക്ഷമാകുന്നു

കോഴിക്കോട്: മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച് ഉന്നതാധികാര സമിതിയിലും സംസ്ഥാന പ്രവർത്തക സമിതിയിലും കടുത്ത ഭിന്നത. സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസക്കെതിരായ നടപടിയിൽ എത്തിനിൽക്കുന്ന പ്രശ്നങ്ങൾ പാർട്ടി നേരിടുന്ന ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ പാർട്ടി സ്വീകരിക്കുന്ന നിലപാടാണ് പ്രതിസന്ധിയുടെ കാതൽ.

അഖിലേന്ത്യ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ദേശീയതലത്തിലും ലീഗിന്റെ കപ്പിത്താൻ എന്ന നിലയിൽ കേരള രാഷ്ട്രീയത്തിലും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തെ ചൊല്ലിയാണ് നേതാക്കൾക്കിടയിലെ ഭിന്നത. ഉന്നതാധികാര സമിതിയിൽ അടക്കമുള്ള പല നേതാക്കളുടെയും മനോവികാരമാണ് കെ.എസ്. ഹംസ കൊച്ചിയിൽ നടന്ന പ്രവർത്തക സമിതിയിൽ പ്രകടിപ്പിച്ചത്. ഹംസ തുടരെ ഉയർത്തുന്ന വിമർശനങ്ങൾ അലോസരം സൃഷ്ടിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ തനിക്ക് സ്ഥാനങ്ങൾ ഒഴിയേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി പാണക്കാട് സാദിഖലി തങ്ങളെ അറിയിച്ചതായാണ് വിവരം. തുടർന്നാണ് ഹംസക്കെതിരെ നടപടിയെടുത്തത്.

രാഷ്ട്രീയ പ്രതിസന്ധിയും സുതാര്യമായ ഫണ്ട് നിർവഹണവുമാണ് പ്രവർത്തക സമിതിയിൽ ചർച്ചയായത്. പാർട്ടി മുന്നണിപ്പോരാളിയുടെ റോളിലുള്ള കുഞ്ഞാലിക്കുട്ടി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ സ്വീകരിക്കുന്ന അഴകൊഴമ്പൻ സമീപനത്തിൽ ഉന്നതാധികാര സമിതി അംഗങ്ങൾക്കിടയിൽ കടുത്ത നീരസമുണ്ട്. ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ ചലിപ്പിക്കുന്നതിൽ അദ്ദേഹം താൽപര്യമെടുക്കുന്നില്ലെന്നും ന്യൂനപക്ഷ വേട്ടക്കെതിരെ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന പ്രതികരണംപോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നുമാണ് വിമർശനം. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഉപനേതാവിന്റെ പദവിയോട് നീതിപുലർത്തുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ദേശീയതലത്തിൽ പാർട്ടിക്ക് ആവശ്യമായ പ്രവർത്തന ഫണ്ട് കണ്ടെത്തുന്നത് താനാണെന്ന ന്യായമാണ് കുഞ്ഞാലിക്കുട്ടി യോഗങ്ങളിൽ ഉയർത്തുന്നത്. നിയമസഭക്കകത്തും പുറത്തും പാർട്ടി എം.എൽ.എമാരും നേതാക്കളും സംസ്ഥാന സർക്കാറിനെതിരെ നടത്തുന്ന വിമർശനങ്ങൾ താൻ ഒരുനിലക്കും വിലക്കിയിട്ടില്ലെന്നും തന്റേതായ ശൈലിയിൽ വിമർശനം ഉയർത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

12 കോടിയുടെ 'ഹദ്‍യ' ഫണ്ട് പാർട്ടി പത്രത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ വിനിയോഗിക്കുമെന്ന് നേരത്തേ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫണ്ട് വകമാറ്റാനുള്ള നീക്കമുണ്ടാവുകയും ഇതിനെ ഒരുവിഭാഗം എതിർക്കുകയും ചെയ്തു. നേരത്തേ മുഈനലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ വെടിപൊട്ടിച്ചതും ചന്ദ്രിക ഫണ്ടിനെച്ചൊല്ലിയായിരുന്നു. പാർട്ടി നടത്തിയിരുന്ന വഖഫ് പ്രക്ഷോഭം നിയമസഭ സമ്മേളനം നടക്കുന്ന നിർണായക സമയത്ത് നിർത്തിവെച്ചതിലൂടെ സർക്കാറിനെതിരായ പ്രതിഷേധങ്ങൾക്ക് ആസൂത്രിത തടയിടൽ നടക്കുന്നതായ വികാരം പാർട്ടിയിലുണ്ട്. ഇത് പ്രവർത്തകർക്ക് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - The difference of position in the league is intensifying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.