തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തിക്കണമെന്ന നിർദേശം വിദ്യാഭ്യാസവകുപ്പ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളുടെ വീടുകളിൽ അധ്യാപകർ നേരിട്ട് എത്തിക്കേണ്ടതില്ലെന്നും പകരം ടെക്സ്റ്റ് ബുക്ക്/ ഭക്ഷ്യക്കിറ്റ്/സ്കൂൾ യൂനിഫോം വിതരണം ചെയ്യുന്ന അവസരത്തിലോ അല്ലെങ്കിൽ തപാൽമാർഗം കുട്ടികളുടെ വീടുകളിലേക്ക് അയക്കാനോ ഉള്ള നടപടി സ്വീകരിക്കേണ്ടതാണെന്നുമുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കോവിഡ് വ്യാപനവും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിലുള്ള സർക്കാർ നിർദേശത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. പ്രവേശനോത്സവത്തിെൻറ ഭാഗമായി ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം.
കരുതൽ വേണ്ട സന്ദർഭമാണിതെന്നും ദുരന്തഭീഷണി ഒഴിയുന്നമുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നതാണ് കാർഡ്. കാർഡ് തിങ്കളാഴ്ചക്കുള്ളിൽ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശനിയാഴ്ച ഇറക്കിയ ഉത്തരവ്. കെ.ബി.പി.എസ് അച്ചടിച്ച ആശംസാ കാർഡ് ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിൽനിന്ന് പ്രധാനാധ്യാപകർ വാങ്ങി അധ്യാപകർ മുഖേന കൈമാറണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
കോവിഡ് ഡ്യൂട്ടിയും സ്കൂൾപ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്ന തങ്ങൾക്ക് നിർദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതി. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർമാർ ഇതുസംബന്ധിച്ച കർശന നിർദേശം എ.ഇ.ഒമാർ വഴി സ്കൂളുകൾക്ക് നൽകിയിരുന്നു. ആശംസാ കാർഡുകൾ വീടുകളിൽ എത്തിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിദ്യാഭ്യാസവകുപ്പ് നൽകിയിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.