ഒരു കാലത്ത് കാട്ടിൽനിന്നും നാട്ടിലിറങ്ങി വയനാട്ടുകാരെ വിറപ്പിച്ച വില്ലൻമാരായിരുന്നു അവർ. പക്ഷേ ഇന്നവർ കുങ്കിയാനകളായ ഭരതും വിക്രമും. നരഭോജി കടുവക്കായി ആറാംദിവസമാണ് ഇവർ തെരച്ചിലിന്റെ ഭാഗമായത്. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കുങ്കിയാന പരിശീലന ക്യാമ്പിൽ നിന്നാണ് ഇവരെ കൂടല്ലൂരിൽ എത്തിച്ചത്. വടക്കനാടിനെ വിറപ്പിച്ച വടക്കനാട് കൊമ്പനാണ് വിക്രം എന്ന പേരിൽ അറിയപ്പെടുന്നത്. കല്ലൂർ മേഖലകളെ വിറപ്പിച്ച കല്ലൂർ കൊമ്പനെന്ന് അറിയപ്പെട്ടിരുന്ന കുങ്കിയാണ് ഭരത്. കാലങ്ങളായി വയനാട്ടിലെ വടക്കനാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു വടക്കനാട് കൊമ്പൻ. അന്ന് ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് സമാനതകളില്ലാത്ത പ്രക്ഷോഭമാണ് നൂൽപ്പുഴ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നടന്നത്. ഒടുവിൽ വൻ പരിശ്രമങ്ങൾക്കൊടുവിലാണ് 2019 മാർച്ചിൽ കൊമ്പനെ തളക്കാൻ കഴിഞ്ഞത്. വയനാട്ടിലെ കല്ലൂർ, നായ്ക്കട്ടി, മുത്തങ്ങ പ്രദേശങ്ങളെ വിറപ്പിച്ചവനാണ് കല്ലൂർ കൊമ്പൻ. 2016 നവംബറിലാണ് മയക്കുമരുന്ന് വെച്ച് പിടികൂടിയത്.
രണ്ടു വർഷത്തിനു ശേഷം കൂട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വിരണ്ടോടി വനം വകുപ്പിനെ വട്ടം കറക്കിയിരുന്നു. പിന്നീട് കൂട്ടിലാക്കിയ ഇവൻ ഇപ്പോൾ മികച്ച കുങ്കികളിൽ ഒരാളാണ്. കാടിളക്കി വരുന്ന കാട്ടാനകൾ, കടുവ എന്നിവയെ തുരത്താനും പിടിക്കാനും പ്രാപ്തരാണ് ഈ കുങ്കിയാനകൾ. ആക്രമിക്കാൻ വരുന്ന എതിരാളികളെ ഭയപ്പാടില്ലാതെ പ്രതിരോധിക്കാനുള്ള കഴിവ് നീണ്ടകാല പരിശീലനത്തിലൂടെയാണ് സ്വായത്തമാക്കിയത്. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ആനപ്പന്തിയിൽ ഒമ്പത് ആനകളാണുള്ളത്. കുഞ്ചു, സൂര്യൻ, സുരേന്ദ്രൻ, വിക്രം, ഭരത്, ചന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ, ചന്തു എന്നിവരാണ് ക്യാമ്പിലെ ആണുങ്ങൾ.
സുന്ദരി ഏകപെൺതരിയാണ്. കൂടാതെ തമിഴ് നാട്ടിലെ ഗൂഡല്ലൂർ മേഖലയെ വിറപ്പിച്ച മോഴയാന പി.എം.ടു വിനെ പിടികൂടി മുത്തങ്ങയിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഹൈകോടതിയിൽ കേസ് നടക്കുന്നതിനാൽ തുടർ നടപടികളൊന്നുമായിട്ടില്ല. ഒമ്പതു വയസ്സുകാരി അമ്മു എന്ന ആന അസുഖത്തെ ത്തുടർന്ന് ചികിത്സയിലിരിക്കെ ആഗസ്റ്റ് 12ന് ചരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.