പാലക്കാട്: വിദേശ കമ്പനികൾ വികസിപ്പിച്ച പുതിയ മരുന്നുകളെ വിലനിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയ വ്യവസ്ഥയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
ഇളവ് നൽകിയത് മേക്ക് ഇൻ ഇന്ത്യ നയത്തിന് വിരുദ്ധവും പ്രാദേശിക മരുന്നു നിർമാതാക്കളെ നിരുത്സാഹപ്പെടുത്തുന്നതുമാണെന്ന വിമർശനം ഉയർന്നതോടെയാണിത്.
ഇന്ത്യയിൽ പേറ്റൻറ് നേടിയ പുതിയ വിദേശ മരുന്നുകൾക്ക് വിലനിയന്ത്രണത്തിൽനിന്ന് അഞ്ച് വർഷത്തേക്ക് ഇളവ് നൽകി 2019 ജനുവരിയിലാണ് കേന്ദ്ര ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം, ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഒാർഡർ വ്യവസ്ഥ ഭേദഗതി ചെയ്തത്. തദ്ദേശീയ ഗവേഷണത്തിലൂടെ മരുന്ന് വികസിപ്പിക്കണമെന്ന നിബന്ധനയും ഒഴിവാക്കി.
ഇതിനെതിരെ പൗരാവകാശ പ്രവർത്തകരടക്കം വ്യാപക എതിർപ്പ് ഉന്നയിച്ചിരുന്നു. മരുന്നുകൾക്ക് ബഹുരാഷ്ട്ര കുത്തകകൾ ഉയർന്ന വില ഇൗടാക്കുന്നതും വിമർശിക്കപ്പെട്ടു.
പേറ്റൻറഡ് മരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ കമ്പനികളോടുള്ള വിവേചനമാണിതെന്നും ആഭ്യന്തര മരുന്നു വ്യവസായത്തെ തളർത്തുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.
ഹീമോഫീലിയ, തലാസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങിയ 20 അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ രാജ്യത്ത് ലഭ്യമാക്കുകയാണ് ഇളവിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു കേന്ദ്ര സർക്കാർ വിശദീകരണം. ഇളവുകൾ ബഹുരാഷ്്ട്ര കമ്പനികൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് തുടർന്നുണ്ടായത്.
പേറ്റൻറ് ലഭിച്ചതെന്ന് അവകാശപ്പെട്ട് വിവിധ ഇനങ്ങൾ ഉയർന്ന വിലയ്ക്ക് വിപണിയിലെത്തിച്ച് ഇവർ തടിച്ചുകൊഴുക്കുകയാണ്. ഇതിെൻറ പേരിൽ കമ്പനികളും സർക്കാറും തമ്മിലെ തർക്കം പലേടത്തും കോടതി കയറി.
ഇൗ സാഹചര്യത്തിലാണ് പ്രൈസ് കൺട്രോൾ ഒാർഡറിലെ 32ാം ഖണ്ഡിക ഭേദഗതി ദുർബലപ്പെടുത്താൻ ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുമായി ചേർന്ന് നടപടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.