ഫയൽ തീര്‍പ്പാക്കൽ തീവ്രയജ്ഞം ഫലം കണ്ടില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ ഫയൽ തീര്‍പ്പാക്കൽ സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി ഫലപ്രാപ്തിയിലെത്തിയില്ല. സെപ്റ്റംബര്‍ 30നകം ഫയൽ തീര്‍പ്പാക്കണമെന്ന് കര്‍ശന നിർദേശം നൽകിയിരുന്നെങ്കിലും പകുതിപോലും തീർന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതിനാൽ സമയപരിധി ഒരുമാസം കൂടി നീട്ടി ഉത്തരവിറക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് വിവരം.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ജൂൺ 15 മുതൽ സെപ്റ്റംബര്‍ 30 വരെ പ്രത്യേക കര്‍മപദ്ധതി പ്രഖ്യാപിച്ചിരുന്നത്. സമയപരിധി അവസാനിച്ച് 10 ദിവസം കഴിഞ്ഞു. ആഗസ്റ്റ് 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റിലും വിവിധ ഡയറക്ടറേറ്റുകളിലും കെട്ടിക്കിടക്കുന്നത് 8,53,088 ഫയൽ. തീര്‍പ്പാക്കിയത് 3,28,910 എണ്ണവും തീര്‍പ്പ് കാത്തിരിക്കുന്നത് 5,24,178 എണ്ണവുമാണ്. തീവ്രയജ്ഞം പ്രഖ്യാപിച്ചിട്ടും തീര്‍പ്പാക്കിയത് വെറും 38 ശതമാനം ഫയലുകൾ മാത്രം.

മുഖ്യമന്ത്രിയുടെ ആഹ്വാനംകേട്ട് അവധി ഒഴിവാക്കി ജീവനക്കാര്‍ എത്തിയിട്ടും സെക്രട്ടേറിയറ്റിൽപോലും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമയപരിധി തീരുമ്പോൾ സെക്രട്ടേറിയറ്റിൽ മാത്രം രണ്ട് ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുകയാണ്. പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പിൽ 15,407 ഫയലും ആഭ്യന്തര വകുപ്പിൽ 14,314 ഫയലും ഉണ്ടെന്നാണ് കണക്ക്. നയപരമായ തീരുമാനം എടുക്കേണ്ട ഫയലുകൾ എത്തുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസ്സഹകരണവുമാണ് സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇഴയാൻ കാരണമെന്ന് ജീവനക്കാരും വിശദീകരിക്കുന്നു.

Tags:    
News Summary - The file resolution campaign did not yield results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.