കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവിടെയുള്ളവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ക്രൈസ്തവ സംഘടനകള്‍ മുഴുവന്‍ ഒറ്റ തീരുമാനത്തിലാണ്. മുസ് ലീം സംഘടനകളെല്ലാം അവര്‍ക്ക് പിന്തുണ കൊടുത്തു.
സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നു പറയുന്നത്. കമീഷനെ നിയോഗിക്കാതെ തന്നെ മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന തീരുമാനം എടുത്ത് കോടതിയെ അറിയിക്കാവുന്നതേയുള്ളൂ. എന്നാല്‍ ആ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയാറല്ല.
സംഘ്പരിവാര്‍ ശക്തികള്‍ ഇടപെട്ട് ക്രിസ്ത്യന്‍ മുസ് ലീം വിഷയമാക്കി വളര്‍ത്തുന്നതിന് പിണറായി വിജയന്‍ കുടപിടിക്കുകയാണ്. പറ്റുമെങ്കില്‍ ഈ വിഷയം അടുത്ത തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകും. കര്‍ണാടകത്തില്‍ കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചപ്പോള്‍ അത് വഖഫ് ഭൂമി അല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാടെടുക്കുകയും നോട്ടീസ് പിന്‍വലിക്കുകയും ചെയ്തു.
എന്നിട്ടും കേരളത്തിലെ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അതിന് തയാറാകാതിരുന്നത്? സംഘ്പരിവാര്‍ നടത്തുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സി.പി.എം കേരളത്തില്‍ നടത്തുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മുസ് ലീം പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി, സംഘപരിവാറിനെ നാണിപ്പിക്കുന്ന രീതിയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മും മുഖ്യമന്ത്രിയും ന്യൂനപക്ഷ പ്രീണനമാണ് നടത്തിയത്. സി.എ.എയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനത്തിലേക്ക് തിരിഞ്ഞു.ജി. സുധാകരനും കെ.സി വേണുഗോപാലും തമ്മില്‍ സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയത്. എനിക്കും അദ്ദേഹവുമായി സൗഹൃദമുണ്ട്. നീതിമാനായ മന്ത്രിയായിരുന്നു ജി. സുധാകരനെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.