കൊച്ചി: കാട്ടാന ആക്രമണം രൂക്ഷമായ മേഖലയിൽ താമസിക്കുന്നവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുകയെന്നതാണ് ശാശ്വത പ്രശ്ന പരിഹാരമെന്ന് വനം വകുപ്പ് ഹൈകോടതിയിൽ. 2003 വരെ പൈൻ പ്ലാന്റേഷൻ മേഖലയായിരുന്നതും വനമാക്കിമാറ്റണം എന്ന് വി. ഗോപിനാഥൻ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുകയും ചെയ്ത 943.69 ഏക്കറോളം വരുന്ന ചിന്നക്കനാലിലെ ഈ സ്ഥലമാണ് 2003-04 കാലയളവിൽ ഭൂരഹിതർക്ക് അനുവദിച്ചത്. ഇവിടെയാണ് അരിക്കൊമ്പൻ ഇറങ്ങുന്നത്.
301 ഏക്കർ കോളനിയിൽ ഭൂമി അനുവദിച്ചവർ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷൻ കൈയേറി താമസിക്കുന്നത് കാട്ടാനയുടെ ആക്രമണം കാരണമാണ്. അതിനാൽ ഇവരെ മറയൂർ കീഴാന്തൂർ വില്ലേജിലേക്ക് മാറ്റിപ്പാർപ്പിക്കാൻ 2018 ലും 2019 ലും ചീഫ് സെക്രട്ടറി തലത്തിൽ നടന്ന യോഗങ്ങളിൽ തീരുമാനിച്ചിരുന്നുവെന്നും ചീഫ് വനം കൺസർവേറ്റർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ 2005 നുശേഷം കാട്ടാനകളുടെ ആക്രമണത്തിൽ 34 മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഏഴുപേരെ കൊന്നത് അരിക്കൊമ്പനാണ്. 2017 ൽ മാത്രം 52 കെട്ടിടങ്ങൾ തകർത്തു. മൂന്നു മാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു.
301 കോളനിയിലെയും മറ്റ് കോളനിയിലെയും ജനങ്ങളെ അനുയോജ്യമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചാൽ മാത്രമെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ. മാറ്റി പാർപ്പിക്കുന്നതിലൂടെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലേക്ക് കാട്ടാനകൾ എത്തുന്നതും തടയാനാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ചിന്നക്കനാൽ ജനവാസ മേഖലയിലിറങ്ങുന്ന ആനയെ മതികെട്ടാൻ വനമേഖലയിലേക്ക് മാറ്റാമെന്ന നിർദേശം അരിക്കൊമ്പൻ വിഷയത്തിലെ വാദത്തിനിടെ ഉയർന്നു വന്നു.
ആനയെ കാട്ടിനുള്ളിൽ കുഴിയുണ്ടാക്കി താൽക്കാലികമായി പാർപ്പിക്കാനാവുമോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രായോഗികമായി അസാധ്യമെന്നായിരുന്നു വനം വകുപ്പിന്റെ മറുപടി. കോടതിയുടെ നിർദേശങ്ങൾ തുടരെ എതിർത്തതോടെ അസ്വസ്ഥത വേണ്ടെന്ന് വനം വകുപ്പിന് കോടതി മുന്നറിയിപ്പും നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകരുതെന്നതാണ് പ്രധാന ലക്ഷ്യമെന്നും അത് ഉറപ്പാക്കുമെന്നും പറഞ്ഞ കോടതി, ആനയെ പിടികൂടി നാട്ടാന ആക്കുന്നതിനോടാണ് വിയോജിപ്പെന്നും വ്യക്തമാക്കി.
അഞ്ച് വർഷത്തിനിടെ ആനകളുടെ എണ്ണം ഇരട്ടിയായെന്നും ആക്രമണം ഭയന്ന് കുട്ടികൾക്കടക്കം പുറത്തേക്കിറങ്ങാൻ ഭയമാണെന്നും അരിക്കൊമ്പനെ പിടികൂടണമെന്ന വാദമുന്നയിച്ചവർ ചൂണ്ടിക്കാട്ടി. ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർക്ക് പുറമെ ചില തദ്ദേശ സ്ഥാപന മേധാവികളും ഹരജികളിൽ കക്ഷി ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.