കോഴിക്കോട്: ലാൻഡ് റവന്യൂ കമീഷണർ ഡോ.എ. കൗശികന്റെ ഭൂരേഖ പരിശോധനയിൽ സർക്കാരിന് ലഭിച്ചത് 750 കോടിയോളം വിലമതിക്കുന്ന 250 ഏക്കർ ഭൂമി. കോളിയാട് എസ്റ്റേറ്റ് മാനേജിങ് പാർട്ണർ ആയിരുന്ന പി.ആർ.രാമവർമ രാജയുടെ ലാൻഡ് സീലിങ് കേസിലാണ് ഉത്തരവായത്. ഉത്തരമലബാറിലെ കുടിയേറ്റക്കാരുടെ തമ്പുരാനായിട്ടാണ് ആലക്കോട് പി.ആര്‍. രാമവര്‍മ്മ രാജ അറിയപ്പെട്ടിരുന്നത്. പൂഞ്ഞാർ രാജ കുടുംബത്തിലെ അംഗമായിരുന്നു രാമവർമ രാജ. ഏതാണ്ട് അഞ്ച് പതിറ്റാണ്ട് നീണ്ടുപോയ മിച്ചഭൂമി കേസിലാണ് ഉത്തരവായത്. നിലവിൽ ഈ കേസ് നടത്തുന്നത് കോളിയാട് എസ്റ്റേറ്റിന്റെ പുതിയ അവകാശിയായ കുമാരി വർമയാണ്.
മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത 250 ഏക്കർ പ്ലാന്റേഷൻ കോർപ്പറേഷൻ കൈവശമുണ്ടെന്നും അത് തിരിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഒടുവിൽ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ഹരജിക്കാരന്റെ അവകാശവാദങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങൾ കൃത്യമായ സർവേ നടത്തി ഭൂമിയുടെ അതിർത്തി നിർണയിച്ച് പരിഹരിക്കണമെന്ന് വിവിധ വിധികളിലൂടെ ഹൈകോടതി നിർദേശിച്ചു. ഈ വിഷയം കോടതിയലക്ഷ്യ കേസിൽ എത്തിയപ്പോഴാണ് നടപടികളുടെ ഭാഗമായി ഡോ.എ. കൗശികൻ രേഖകൾ പരിശോധിച്ചത്. 2023 ജൂൺ ആറിലെയും 2023 നവംബർ 15ലെയും കോടതിയലക്ഷ്യക്കേസിൽ ഹൈകോടതിയുടെ വിധിക്ക് വ്യക്തമായ മറുപടി നൽകിയാണ് ലാൻഡ് റവന്യൂ കമീഷണർ നിർണായക ഉത്തരവിറക്കിയത്.
കൗശികൻ കോളിയാട് എസ്റ്റേറ്റിന്റെഭൂരേഖകൾ സുക്ഷ്മ പഠനം നടത്തിയതിനാലാണ് ഈ കേസിൽ സർക്കാരിന് വിജയിക്കാനായത്. എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച സർവേ റിപ്പോർട്ട്, സർവേ സ്കെച്ച്, മറ്റ് സാമഗ്രികൾ എന്നിവയുൾപ്പെടെ എല്ലാ രേഖകളും കേസ് ഫയലും പൂർണമായും പഠിച്ചാണ് ഉത്തരവ് തയാറാക്കിയത്.
കോളിയാട് എസ്റ്റേറ്റിന്റെ മാനേജിങ് പാർട്ണർ രാമവർമ്മ രാജ പ്രതിനിധീകരിക്കുന്ന സീലിങ് കേസുമായി ബന്ധപ്പെട്ട തർക്കം അഞ്ച് പതിറ്റാണ്ടുകളായി നീണ്ടതാണ്. ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 85 (2) പ്രകാരം 1970-ൽ നൽകിയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് പി.ആർ. രാമവർമ്മ രാജക്കെതിരെ സീലിംഗ് കേസ് ആരംഭിച്ചത്. 1972 ആഗസ്റ്റ് ഒന്നിലെ ലാൻഡ് ബോർഡ് ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സിവിൽ റിവിഷൻ പെറ്റീഷൻ 1972 ൽ ഫയൽ ചെയ്തു. അത് 1973 ആഗസ്റ്റ് മൂന്നിന് തീർപ്പാക്കിയിരുന്നു. 1973- നവംമ്പർ 12ന് ഹാജരായ പി.ആർ.രാമവർമ രാജ അഞ്ച് ഇനം ഭൂമി സറർണ്ടർ ചെയ്യാൻ സമ്മതിച്ചിരുന്നു.
എന്നാൽ, 24 വർഷത്തിനുശേഷം, 1997-ലും 1998-ലും പി.ആർ.രാമവർമ്മ രാജ ലാൻഡ് ബോർഡിന് മുമ്പാകെ ഹർജികൾ നൽകി. സർക്കാർ തെറ്റായി ഏറ്റെടുത്ത ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. സറണ്ടർ ചെയ്യാൻ ഉത്തരവിട്ട മിച്ചഭൂമി 1974 ൽ തന്നെ റവന്യൂ അധികാരികൾ ഏറ്റെടുത്തു. അപ്പോൾ കക്ഷികൾ എതിർപ്പൊന്നും ഉന്നയിച്ചില്ല. യാതൊരു മെറിറ്റും കണ്ടെത്താത്തതിനാൽ, 1998 ലെ ഹർജി സംസ്ഥാന ലാൻഡ് ബോർഡ് നിരസിച്ചു. ലാൻഡ് ബോർഡിന്റെ തീരുമാനത്തിനെതിരെ1999 ൽ ഹൈക്കോടതിയിൽ ഒ.പി ഫയൽ ചെയ്തു.
നിയമപ്രകാരം ടി.എൽ.ബി ഉത്തരവിനെതിരെ സിവിൽ റിവിഷൻ പെറ്റീഷൻ (സി.ആർ.പി) മാത്രമേ നിലനിൽക്കൂ. ടി.എൽ.ബി ഉത്തരവിറങ്ങി 60 ദിവസത്തിനകം ക്ലെയിം ചെയ്യണമെന്നാണ് വ്യവസ്ഥ. കോളിയാട് എസ്റ്റേറ്റിന്റെ കാര്യത്തിൽ 24 വർഷം കഴിഞ്ഞാണ് ഹൈകോടതിയിൽ ഒ.പി ഫയൽ ചെയ്തത്. സി.ആർ.പി ഫയൽ ചെയ്യാതെ ഒ.പി ഫയൽ ചെയ്തത് തെറ്റായ നടപടിയാണെന്ന് കൗശികൻ ചൂണ്ടിക്കാണിച്ചു. ഒ.പി യിലൂടെ കേസ് ഹൈകോടതിയിൽ നിന്ന് പുനഃപരിശോധിക്കനാണ് എസ്റ്റേറ്റ് ഉടമ ശ്രമിച്ചത്. ആ നീക്കം പാളി.
ഇതിനിടയിൽ 1980 മെയ് 27 ന് അഡ്വക്കേറ്റ് കമീഷണറുടെ റിപ്പോർട്ട് നൽകിയിരുന്നു. കണ്ണൂർ കലക്ടറുടെ 2015 ജൂൺ 30 നും റിപ്പോർട്ട് നൽകി. ഈ രണ്ട് റിപ്പോർട്ടുകളുടെയും സാധുത പരിശോധിക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. ഈ രണ്ട് റിപ്പോർട്ടികളിലും പൊരുത്തക്കേടുകളുടെ വൻമലയാണ് കൗശികൻ കണ്ടെത്തിയത്. രാജ 250.32 ഏക്കറിന്മേൽ തെറ്റായി അവകാശവാദം ഉന്നയിച്ചാണ് കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ വാദം പരിശോധിക്കണമെന്ന് 1999 സെപ്തംബർ ഒമ്പതിന് ഹൈക്കോടതി സംസ്ഥാന ലാൻഡ് ബോർഡിനോട് നിർദ്ദേശിച്ചു. കെ.എൽ.ആർ നിയമത്തിലെ വ്യവസ്ഥകൾ പരാജയപ്പെടുത്താനാണ് ഹർജി നൽകിയതെന്ന് ലാൻഡ് ബോർഡ് നിരീക്ഷിച്ചതിനാൽ, എൽ.ബി ഉത്തരവ് പ്രകാരം ഹരജിക്കാരൻ്റെ അവകാശവാദം ലാൻഡ് ബോർഡ് നിരസിച്ചു.
ആവശ്യപ്പെട്ട ഭൂരേഖകൾ ഹാജരാക്കിയ ശേഷം കോടതി നിർദേശിച്ച പ്രകാരം ഹർജിക്കാരന്റെ വാദം കേട്ടു. പി.ആർ.രാമവർമ്മ രാജയുടെ മകൾ കുമാരി വർമ്മയെ പ്രതിനിധീകരിച്ച് ലാൻഡ് ബോർഡിന് മുന്നിൽ ഹാജരായത് അജിത് രാമവർമയാണ്. 2023 സെപ്തംബർ അഞ്ചിന് അദ്ദേഹത്തെ നേരിട്ട് കേട്ടു. ലാൻഡ് ബോർഡ് ആശ്രയിക്കുന്നതും അജിത് രാമവർമ ആവശ്യപ്പെട്ടതുമായ രേഖകളുടെ പകർപ്പുകൾ (സർവേ റിപ്പോർട്ടും സ്കെച്ചുകളും ഉൾപ്പെടെ) തപാൽ വഴി അയച്ചു. അത് ലഭിച്ചതിന് ശേഷം, 2023 സെപ്തംബർ 20ന് ലാൻഡ് ബോർഡ് അദ്ദേഹത്തെ വീണ്ടും നേരിട്ട് കേട്ടു. അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം ഫയൽ ചെയ്തു. ഹരജിക്കാരൻ സമർപ്പിച്ച എതിർപ്പുകൾ വിശദമായി പരിശോധിക്കുകയും ചെയ്തു.
ഹരജിക്കാരൻ വാദിക്കുന്നതുപോലെ തെറ്റായി ഭൂമി ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടില്ലെന്ന് രേഖകളുടെ പരിശോധനയിൽ കൗശികന് വ്യക്തമായി. അതുപോലെ ലാൻഡ് ബോർഡിന്റെ ഉത്തരവുകളിലൂടെ നൽകിയ ഇളവ് വിഭാഗത്തിൽ ഭൂമിയുടെ കുറവില്ല. ഹരജിക്കാരൻ അവകാശപ്പെടുന്നത് പോലെ, 1963-ലെ കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 81 (ഒന്ന് ) പ്രകാരം അധിക ഭൂമി ഇളവിന് അർഹമല്ല. ഫീൽഡ് സർവേയിൽ പോലും ഈ കുടുംബത്തിന് കൈവശം വെക്കാൻ അനുവദിക്കപ്പെട്ട ഭൂമിയിൽ യാതൊരു കുറവുമില്ല. അതിനാൽ, ഹരജിക്കാരന്റെ അവകാശവാദങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. 1963 ലെ നിയമത്തിലെ വ്യവസ്ഥകൾ ഒരു കാരണവശാലും ലംഘിക്കാനാവില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കൈയേറിയ ഭൂമി, കൈവശപ്പെടുത്തിയ ഭൂമി, രൂപമാറ്റം വരുത്തിയ ഭൂമി, രാജയുടെ കൈവശമുള്ള ഇളവ് ചെയ്ത ഭൂമി എന്നിവയുടെ വ്യാപ്തി സർവേ സ്കെച്ചുകൾ പ്രകാരം പരിശോധിച്ചു. ആലക്കോട് രാമവർമ്മ രാജ ഭൂപരിഷ്കരണം നിയമം അട്ടിമറിച്ച് സർക്കാർ ഭൂമി തരം മാറ്റി 1444 പേർക്കാണ് വിൽപ്പന നടത്തിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വലിയ തട്ടിപ്പാണ്. അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരാണ് ഇതിന് കൂട്ടുനിന്നത്. കോടിക്കണക്കിന് രൂപ ഇതുവഴി സമ്പാദിച്ചിട്ടുണ്ടാവും.
തോട്ടം ഭൂമി തരംമാറ്റുന്നതിന് നിയമവിരുദ്ധമാണെന്ന 2015 ഫെബ്രുവരി 14 ലെ ജഡ്ജി എ. മുഹമ്മദ് മുഷ്താഖിന്റെ വിധിയും കൗശികൻ ചൂണ്ടിക്കാട്ടി. ഈ ഭൂമി സർക്കാർ തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ ക്രമസമാധന പ്രശ്നമുണ്ടാവുമെന്ന് കലക്ടർ റിപ്പോർട്ട് നൽകി. ഭൂമി തരം മാറ്റിയത് നിയമവിരുദ്ധ പ്രവർത്തനമാണ്. എന്നാൽ ക്രിമിനൽ കേസ് എടുക്കാൻ വകുപ്പില്ല. റവന്യൂ വകുപ്പ് ഭൂപരിഷ്കരണ നിയമം നിരീക്ഷിച്ചുകൊണ്ടിരിക്കണം എന്നാണ് ഉത്തരവിൽ അദ്ദേഹം പറഞ്ഞത്. 1963-ലെ കെ.എൽ.ആർ നിയമത്തിന്റെ ലക്ഷ്യങ്ങൾ അക്ഷരത്തിലും ആത്മാവിലും സാക്ഷാത്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനം ആത്മാർത്ഥമായ പരിശ്രമം നടത്തണമെന്നാണ് ചൂണ്ടിക്കാട്ടിയത്.
ലാൻഡ് ബോർഡിൻ്റെ ഉത്തരവിനെതിരെ നൽകിയ ഹരജിയാണ് കൗശികൻ ഇപ്പോൾ തള്ളിക്കളഞ്ഞത്. ആലോക്കോട് രാജക്ക് രാഷ്ട്രീയ നേതൃത്വത്തിൽ വലിയ സ്വാധീനവും റവന്യൂ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മിച്ചഭൂമി കേസ് ഇത്രയും കാലം നീണ്ടുപോകാൻ കാരണമായത്. റവന്യൂ ഉദ്യോഗസ്ഥരിൽ ഒരു സംഘം രാജക്കുവേണ്ടിയാണ് പണിയെടുത്തവരാണ്. കൗശികൻ നടത്തിയ വസ്തുതാപരമായ പഠനം രാജയുടെ എല്ലാവാദങ്ങളെയും പൊളിച്ചടുക്കി. അരനൂറ്റാണ്ട് പഴക്കമുള്ള കേസിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ നാൾവഴികളെ ഇഴപിരിക്കു പ്രയാസമാണ്. കൗശികൻ ഉത്തരവിറക്കിയപ്പോൾ സർക്കാരിന് ലഭിച്ചത് ഏതാണ്ട് 750 കോടി വില വരുന്ന ഭൂമിയാണ്. 50 വർഷത്തെ കേസ് ഫയലും ഭൂരേഖകളും പഠിച്ച് ഉത്തരവ് ഇറക്കി എന്നത് ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.