മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി സർക്കാർ

കോഴിക്കോട്  : കീം പരീക്ഷയിൽ ജയിച്ച് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളജിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകാൻ സർക്കാർ ഉത്തരവായി.

പ്രവേശന നടപടികൾ അവസാനിപ്പിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പാക്കി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. സ്പോട്ട് അഡ്മിഷനിൽ പുതിയ കോളജിൽ പ്രവേശനം നേടിയതിന്റെ പിറ്റേന്ന് തന്നെ വിദ്യാർഥികൾ ആദ്യം പ്രവേശനം നേടിയ കോളജിൽ ടി.സിക്ക് അപേക്ഷിക്കണമെന്ന് സർക്കാർ ഉത്തരവ്. സ്പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളജുകൾക്കാണ് ഈ ഉത്തരവ് ബാധകം.

പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം. തിരുവനന്തപുരം എൽ.ബി.എസ് കോളജിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനിക്ക് ബാർട്ടൻ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളജിൽ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകില്ലെന്ന എൽ.ബി.എസ് കോളജിന്റെ നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ട്യൂഷൻ ഫീസ് മടക്കി നൽകാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് ഉത്തരവിട്ടത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പ്രവേശനം നടത്താൻ കഴിയാത്തതുകൊണ്ടാണ് കോളജുകൾ ട്യൂഷൻ ഫീസ് മടക്കി നൽകാത്തത്. കമലേശ്വരം സ്വദേശിനി ബി കെ.റഹ്നയാണ് കമ്മീഷനെ സമീപിച്ചത്.

Tags:    
News Summary - The government implemented the order of the Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.